ഇനിയില്ല പാട്ടിന്റെ ആ ഇളയ നിലാ ; എസ്.പി ബാലസുബ്രഹ്മണ്യം വിട വാങ്ങി
ലോക പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിട വാങ്ങി. ഇന്ന് ഉച്ചക്ക് 1.04നാണ് അന്ത്യം സംഭവിച്ചത്. ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. 74 വയസായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. നിലവില്‍ ആശുപത്രി പരിസരത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ആഗസ്ത് 5നാണ് എസ്.പി.ബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് സെപ്തംബര്‍ ഏഴിന് കോവിഡ് നെഗറ്റീവാകുകയും ചെയ്തിരുന്നു. ഗായകനെ കൂടാതെ നടന്‍,സംഗീത സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളിലും തിളങ്ങിയിട്ടുള്ള കലാകാരനാണ് എസ്.പി.ബി. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാര്‍ഡുകള്‍ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് എസ്.പി.ബി.
സെപ്റ്റംബര്‍ 19ന് നില മെച്ചപ്പെട്ടതായി മകന്‍ ചരണ്‍ (SP Charan) അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ട അദ്ദേഹം ആശുപത്രിയില്‍ വച്ച് തന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ആരാധകര്‍ക്കായി ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍, പെട്ടന്ന് സ്ഥിതി വഷളാകുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.