ലഹരി ഇടപാട് നടന്ന വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്മിന്‍ ദീപിക ; ചോദ്യം ചെയ്യലിന് എത്തിയത് ഒറ്റയ്ക്ക്
ബോളിവുഡിലെ ലഹരി മരുന്ന് ഇടപാട് കേസില്‍ ലഹരി ഇടപാടുകള്‍ നടന്ന വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്മിന്‍ ബോളിവുഡ് താരം ദീപിക പദുകോണ്‍ എന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. 2017ല്‍ ഈ വാട്‌സ്ആപ് ഗ്രൂപ്പിലാണ് താരം ലഹരി ആവശ്യപ്പെട്ടത്.
അന്തരിച്ച ചലച്ചിത്ര താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മാനേജര്‍ ജയ സഹയും ദീപികയുടെ മാനേജര്‍ കരിഷ്മയും ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. ദീപികയ്ക്ക് പുറമേ നടിമാരായ സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തു.
ശനിയാഴ്ച രാവിലെയാണ് ദീപിക മുംബൈയിലെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസലെത്തിയത്. പറഞ്ഞ സമയത്ത് തന്നെ ദീപിക എന്‍സിബി ഓഫീസിലെത്തി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ 23നാണ് എന്‍സിബി ദീപികയ്ക്ക് നിര്‍ദേശം നല്‍കിയത്. ദീപിക ഒറ്റയ്ക്കാണ് എത്തിയത്. ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗ് ദീപികയ്ക്ക് ഒപ്പം വരുന്നതിന് എന്‍സിബിയോട് അനുമതി ചോദിച്ചത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.