ബിനീഷ് കോടിയേരിയുടെ മുഴുവന്‍ ആസ്തികളും കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് നിര്‍ദേശം
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ മുഴുവന്‍ സ്വത്തുവകകളും കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് നിര്‍ദേശം. സ്വത്തുവകകള്‍ തങ്ങളുടെ അനുമതിപ്രകാരം അല്ലാതെ ക്രയവിക്രയം ചെയ്യരുതെന്നു കാണിച്ച് ഇ.ഡി രജിസ്‌ട്രേഷന്‍ വകുപ്പിന് കത്തയച്ചു. ബിനീഷിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനും ഇ.ഡി നടപടി തുടങ്ങി. അതിനിടെ കേസിലെ പ്രതി അനൂപ് മുഹമ്മദിനെ ബംഗളൂരു ജയിലിലെത്തി ചോദ്യം ചെയ്യാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്.
ബംഗളൂരു മയക്കുമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ബിസിനസ് ബന്ധങ്ങളുണ്ടെന്ന് നേരത്തെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പ്രതികളുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ബിനീഷിനെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങിയത്.
ബിനീഷിന്റെ സ്വത്ത് വകകള്‍ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് കാണിച്ച് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കി. ബിനീഷിന്റെ മുഴുവന്‍ ആസ്തിയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. ഇത് സംബന്ധിച്ച് വിവിധ ബാങ്കുകള്‍ക്ക് ഇ.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.