ലൈഫ് മിഷനില്‍ നിയമ ലംഘനം വ്യക്തം ; പിണറായിയുടെ മൊഴിയെടുക്കും

ലൈഫ് മിഷനില്‍ കുടുങ്ങി സംസ്ഥാന സര്‍ക്കാര്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയില്‍ നിയമലംഘനം വ്യക്തമായതായി CBI റിപ്പോര്‍ട്ട്. പദ്ധതിയുടെ മറവില്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ വിദേശ സഹായം സ്വീകരിച്ചു എന്നാണു ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

കേസില്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് വിശകലനം നടത്തിയ ശേഷം സിബിഐ മുഖ്യമന്ത്രിയുടെയും തദ്ദേശ മന്ത്രിയുടെയും മൊഴിയെടുക്കും. കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് വിദേശ സഹായം സ്വീകരിച്ചതെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയതോടെയാണ് നിയമലംഘനം നടന്നതായി വ്യക്തമായിരിക്കുന്നത്.

നിയമലംഘനത്തിന് സഹായിച്ചവരെയും കാരണക്കാരായവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ. ആരാണ് വിദേശത്ത് നിന്ന് പണമയച്ചത്? ആരാണ് പണം സ്വീകരിച്ചത്? എന്തിനു വേണ്ടിയാണു അത് ഉപയോഗിച്ചത്? സര്‍ക്കാര്‍ ഈ നിയമലംഘനത്തെ പിന്തുണച്ചോ? തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് CBI യുടെ ശ്രമം.

എന്നാല്‍, വിദേശ സംഭാവന നിയന്ത്രണ നിയമ0 അനുസരിച്ച് ലൈഫ് ഇടപാടില്‍ കൈകൂലി വാങ്ങിയതിനെ കുറിച്ച് അന്വേഷിക്കാന്‍ CBIയ്ക്ക് ആകില്ല. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ മുപ്പത്തിയഞ്ചാം വകുപ്പ് പ്രകാരം ഒരു കോടിയിലധികം രൂപ അനുമതിയില്ലാതെ വിദേശത്ത് നിന്നും സ്വീകരിച്ചാല്‍ 5 വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്നതാണ്.