ഭാര്യയുടെ ചിലവിലാണ് ജീവിക്കുന്നത് ; കേസ് നടത്താന്‍ ആഭരണം വില്‍ക്കേണ്ട അവസ്ഥ എന്ന് അംബാനി
റിലയന്‍സ് മേധാവി അനില്‍ അംബാനിയാണ് താന്‍ ഭാര്യയുടെ ചിലവിലാണ് ഇപ്പോള്‍ ജീവിക്കുന്നത് എന്ന് വെളിപ്പെടുത്തിയത്. ലണ്ടന്‍ കോടതിയിലാണ് അനില്‍ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നത്, മകനോടു പോലും കടം വാങ്ങേണ്ട സ്ഥിതിയാണെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ അദ്ദേഹം വ്യക്തമാക്കി. കോടതി ചെലവിനു പണം കണ്ടെത്താന്‍ ആഭരണങ്ങള്‍ വില്‍ക്കേണ്ടിവന്നു. വായ്പാ തുക തിരിച്ചുകിട്ടുന്നതിനായി ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസില്‍, വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായിക്കൊണ്ടാണ് അനില്‍ അംബാനി ‘ദുരവസ്ഥ’ വിവരിച്ചത്. ആസ്തി, ബാധ്യത, ചെലവ് എന്നിങ്ങനെയുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട മൂന്നു മണിക്കൂറോളമാണ് ലണ്ടനിലെ ഹൈക്കോടതി അനില്‍ അംബാനിയുടെ മൊഴി രേഖപ്പെടുത്തിയത്.
2018 ഒക്ടോബറില്‍ അമ്മയില്‍നിന്ന് അഞ്ഞൂറു കോടി കടം വാങ്ങിയെന്ന് അനില്‍ പറഞ്ഞു. വായ്പയുടെ വ്യവസ്ഥകള്‍ എന്തൊക്കെയെന്ന ചോദ്യത്തിന് വ്യക്തമായി അറിയില്ലെന്നായിരുന്നു അനിലിന്റെ മറുപടി. മകന്‍ അന്‍മോലില്‍നിന്നും കോടികള്‍ കടം വാങ്ങിയിട്ടുണ്ടെന്ന് അനില്‍ പറഞ്ഞു.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ തന്റെ എല്ലാ ആഭരണങ്ങളും വിറ്റശേഷം തനിക്ക് 9.9 കോടി രൂപ ലഭിച്ചുവെന്നും എന്നാല്‍ ഇതില്‍ ‘കാര്യമായ ഒന്നും’ താന്‍ സ്വന്തമാക്കിയിട്ടില്ലെന്നും അനില്‍ പറഞ്ഞു. തന്റെ ജീവിത ശൈലിയെക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. താന്‍ ഇപ്പോള്‍ ഒരു വരുമാനവുമില്ലാത്ത അവസ്ഥയിലാണെന്ന അനിലിന്റെ വാദത്തെ ബാങ്കുകളുടെ അഭിഭാഷകന്‍ ചോദ്യം ചെയ്തു. അത്യാഢംബര ജീവിതമാണ് അനില്‍ നയിക്കുന്നതെന്നും സഹോദരന്‍ മുകേഷ് സഹായിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തന്റെ ആഢംബര ജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ തികച്ചും തെറ്റാണെന്ന് അനില്‍ അംബാനി വാദിച്ചു. ”ഞാന്‍ 61 വയസായ ഒരാളാണ്. വളരെ അച്ചടക്കത്തോടെയുള്ള ജീവിതമാണ്. മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യില്ല. ഞാന്‍ ആഢംബര ജീവിതം നയിക്കുന്നുവെന്നത് മാധ്യമ സൃഷ്ടിയാണ്”- അനില്‍ പറഞ്ഞു.
കുടുംബട്രസ്റ്റ് ഉള്‍പ്പെടെ ലോകത്ത് ഒരു ട്രസ്റ്റിലും പങ്കാളിത്തമില്ല. ലക്ഷങ്ങള്‍ വിലമതിക്കുന്ന കലാശേഖരം ഭാര്യ ടിന അംബാനിയുടേതാണെന്നും താന്‍ അവരുടെ ഭര്‍ത്താവ് മാത്രമാണെന്നും അനില്‍ പറഞ്ഞു. ആഭരണങ്ങള്‍ വിറ്റാണ് അഭിഭാഷകര്‍ക്കു പണം നല്‍കുന്നത്. തുടര്‍ന്നുള്ള ചെലവുകള്‍ക്കു പണം കണ്ടെത്തണമെങ്കില്‍ മറ്റ് ആസ്തികള്‍ വില്‍ക്കാന്‍ കോടതിയുടെ അനുമതി ആവശ്യമാണെന്നും അനില്‍ പറഞ്ഞു.
ഭാര്യക്ക് ആഡംബര ബോട്ട് സമ്മാനിച്ചതിനെക്കുറിച്ചും അഭിഭാഷകര്‍ ചോദിച്ചു. അത് കോര്‍പ്പറേറ്റ് കമ്പനിയുടേതാണെന്നും താന്‍ ഒരിക്കലും ഉപയോഗിക്കാറില്ലെന്നും മറുപടി നല്‍കി. ലണ്ടന്‍, കലിഫോര്‍ണിയ, ബെയ്ജിങ് എന്നിവിടങ്ങളില്‍ നടത്തിയ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ അമ്മയുടേതാണെന്നും അനില്‍ വ്യക്തമാക്കി. അനിലിനെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്‍ഡസ്ട്രിയല്‍ കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡവലപ്മെന്റ് ബാങ്ക് എന്നിവര്‍ വിചാരണയ്ക്കുശേഷം അറിയിച്ചു.