തുറന്നു കിടന്ന ഗേറ്റിലൂടെ റോഡിലേക്കോടിയ ഒന്നേകാല്‍ വയസുകാരി ബൈക്കിടിച്ച് മരിച്ചു

വീടിന്റെ തുറന്നു കിടന്ന ഗേറ്റിലൂടെ പുറത്തേക്കോടിയ ഒന്നേകാല്‍ വയസുകാരി ബൈക്ക് ഇടിച്ച് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കാവിന്‍പുറം വൈഷ്ണവത്തില്‍ രതീഷ്-ആര്യ ദമ്പതികളുടെ ഇളയ മകള്‍ നക്ഷത്രയാണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ കോട്ടുകാല്‍ മുത്താരമ്മന്‍ കോവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കു പോകുന്ന റോഡിലായിരുന്നു സംഭവം.

അമ്മയുടെ ഒക്കത്തിരുന്ന കുട്ടി താഴേക്ക് ഊര്‍ന്നിറങ്ങി പുറത്തേക്ക് ഓടുകയായിരുന്നു എന്നാണ് സൂചന. പിടിക്കാനായി അമ്മ പുറകെ ഓടിയെങ്കിലും അതിവേഗം പാഞ്ഞെത്തിയ ബൈക്ക് കുഞ്ഞിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് നിര്‍ത്താതെ പോവുകയും ചെയ്തു. ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ടോടെ മരിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമായത്.

ഇതിനിടെ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ക്കും കോവിഡ് പരിശോധന നടത്തിയതില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നക്ഷത്രയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമെ മൃതദേഹം വിട്ടു നല്‍കു.