പ്രതിഷേധങ്ങള്‍ക്കിടെ കാര്‍ഷിക പരിഷ്‌കരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടെ കാര്‍ഷിക പരിഷ്‌കരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ബില്ലില്‍ ഒപ്പ് വെക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് പ്രസിഡന്റ് ബില്ലിന് അം?ഗീകാരം നല്‍കിയത്.

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ആഴ്ച്ച ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. സഭയില്‍ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തതും രാഷ്ട്രീയ വിവാദമായി. പുതിയ ബില്‍ കര്‍ഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബില്ലിനെതിരെ വ്യാപകമായ കര്‍ഷക രോഷവും ഉയര്‍ന്നിരുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് സമരം ശക്തമായത്. അടുത്ത മാസം ഒന്ന് മുതല്‍ അനിശ്ചിതകാല സമരവും പഞ്ചാബില്‍ വിവിധ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബില്ലില്‍ പ്രതിഷേധിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി എം.പി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജി വെച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാപിലെയും കര്‍ഷകര്‍ സമരത്തിലായിരുന്നു.

ബില്ലിന് അംഗീകാരം നല്‍കരുതെന്നും, പാര്‍ലമെന്റിന് തിരിച്ചയക്കണമെന്നും പ്രതിപക്ഷ എം.പിമാര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബില്‍ ചരിത്രപരമായ മുന്നേറ്റമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രതിപക്ഷം കര്‍ഷകരെ തെറ്റിധരിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.