4538 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയത് 3347 പേര്‍
കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3347 പേര്‍ രോഗമുക്തി നേടി. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 697 ആയി. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. ഉറവിടം അറിയാത്ത കേസുകള്‍ 249 . .
രോഗവ്യാപനത്തിന്റെ തോത് നിര്‍ണയിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്രയും നാള്‍ നാം മുന്നിലായിരുന്നു. അതിന് ഇപ്പോള്‍ ഇളക്കംതട്ടിയിട്ടുണ്ട്. 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണം 10 ലക്ഷത്തില്‍ 5143 ആയി ഉയര്‍ന്നു. ഇന്ത്യന്‍ ശരാരശരി 5852 ആണ്. മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ കുറവാണ്. 1.6 ശതമാനമാണ് ദേശീയ ശരാശരിയെങ്കില്‍ കേരളത്തില്‍ അത് 0.4 ശതമാനം മാത്രമാണ്. മികച്ച പരിചരണത്തിന്റെയും സൗകര്യങ്ങളുടെയും ഗുണഫലമാണിത്.
രോഗികളുടെ എണ്ണം വര്‍ധിച്ചതിന് ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. രോഗവ്യാപനം കുറച്ചാല്‍ മാത്രമേ മരണവും കുറയ്ക്കാന്‍ സാധിക്കൂ. രോഗവ്യാപനം കുറയ്ക്കുന്നതിന് കര്‍ശന നടപടികളിലേയ്ക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിന് ക്രമസമാധാന പാലനത്തില്‍ ശ്രദ്ധക്കേണ്ടി വന്നു. കോവിഡ് പോരാട്ടത്തില്‍ ഇതു തടസ്സമായി വന്നു. കര്‍ശന നടപടികളിലേക്ക് നീങ്ങാനുള്ള സമയം അതിക്രമിച്ചു. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അകലം പാലിക്കാത്ത കട ഉടമകള്‍ക്കെതിരെ നടപടി എടുക്കും. കട അടച്ചിടേണ്ടി വരും. കല്യാണത്തിന് 50 പേരാണ് സാധാരണ പങ്കെടുക്കാവുന്നത്. ശവദാഹത്തിന് 20 പേര്‍. ഇതു അതേനിലയില്‍ നടപ്പാക്കേണ്ടി വരും. ആള്‍ക്കൂട്ടം വ്യാപനത്തിന്റെ പ്രധാന ഘടകമായി വരുന്നു.