പാലാരിവട്ടം പൊളിക്കല്‍ തുടങ്ങി ; പഞ്ചവടിപ്പാലം സിനിമ തീയറ്ററിലെത്തിയ അതേ തീയതിയില്‍
പാലരിവട്ടം പാലം ഇന്നുമുതല്‍ പൊളിച്ച് തുടങ്ങും. DMRC മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ് മേല്‍പ്പാലം പുനര്‍നിര്‍മ്മാണം നടത്തുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ടാര്‍ കട്ടിങ് അടക്കമുള്ള ജോലികളായിരിക്കും ഇന്ന് ആരംഭിക്കുക. പാലരിവട്ടം പാലം പൊളിച്ച് പണിയമെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് നടപടികള്‍ക്ക് തുടക്കമിട്ടത്. ഇന്ന് പാലത്തിന്റെ ടാര്‍ ഇളക്കി നീക്കുന്ന പണികളാണ് ആരംഭിക്കുന്നത് . മാത്രമല്ല പുനര്‍നിര്‍മ്മാണ ജോലിക്കിടെ പാലത്തിന്റെ അവശിഷ്ടങ്ങള്‍ തെറിച്ച് റോഡിലേക്ക് വീഴാതിരിക്കാന്‍ കമ്പിവല കെട്ടുന്ന പണിയും ഇന്ന് തുടങ്ങും.
അതേസമയം പഞ്ചവടിപ്പാലം എന്ന സിനിമ പുറത്തിറങ്ങിയ അതേ ദിവസം തന്നെയാണ് പാലാരിവട്ടം പാലം പൊളിക്കുന്നത് എന്നത് തികച്ചും യാദൃശ്ചികമാണ്. ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് കോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് ലക്ഷ്യം. നേരത്തെ പാലം പൊളിഞ്ഞതുമായി ബന്ധപ്പെട്ട വാദങ്ങള്‍ക്കിടെ കോടതി വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ പഞ്ചവടിപ്പാലം എന്ന ചിത്രത്തെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. 1984 സെപ്റ്റംബര്‍ 28 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.