സംഗീത നാടക അക്കാദമി ജാതി വിവേചനം കാട്ടി എന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍

മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കേരള സംഗീത നാടക അക്കാദമി അവസരം നല്‍കിയില്ലെന്ന പരാതിയുമായി പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍. അക്കാദമി സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ജാതീയവും ലിംഗപരവുമായ വിവേചനമാണുണ്ടായതെന്നും ആരോപിക്കുന്നു. തനിക്ക് അവസരം നല്‍കിയാല്‍ പല വിമര്‍ശനങ്ങളും നേരിടേണ്ടി വരുമെന്നും അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കലം ഇട്ടുടയ്ക്കുന്നതെന്തിനെന്ന് അക്കാദമി സെക്രട്ടറി കെ രാധാകൃഷ്ണന്‍ നായര്‍ ചോദിച്ചതായി കെ.പി.എ.സി ലളിത പറഞ്ഞെന്നും രാമകൃഷ്ണന്‍ പറയുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഡാന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കാന്‍ എത്തിയപ്പോഴാണ് സംഭവമെന്ന് രാമകൃഷ്ണന്‍ വിവരിക്കുന്നു. ‘ആദ്യം സമീപിച്ചത് അക്കാദമിയുടെ ചെയര്‍പേഴ്‌സണ്‍ കെ പി എ സി ലളിതയെ ആയിരുന്നു. അവര്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേരള സംഗീത നാടക അക്കാദമിയിലെത്തി. എന്നാല്‍ അപേക്ഷ സ്വീകരിക്കാന്‍ അക്കാദമിയിലുള്ളവര്‍ ആദ്യം തയ്യാറായില്ല. സ്ഥിരം ജോലിയുള്ളവര്‍ക്ക് അവസരമില്ലെന്നാണ് ആദ്യം പറഞ്ഞത്. ജോലി സ്ഥിരമല്ല, താല്‍ക്കാലികമാണെന്ന് അറിയിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് മാത്രമേ അവസരമുള്ളൂവെന്ന് പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു.’- രാമകൃഷ്ണന്‍ പറഞ്ഞു.

നിരാശയോടെ കെ.പി.എ.സി ലളിതയെ വിളിച്ചപ്പോള്‍ കെ.പി.എ.സി ലളിത അക്കാദമിയിലെത്തി. സെക്രട്ടറിയോട് സംസാരിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. രാമകൃഷ്ണന് അവസരം നല്‍കിയാല്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാവുമെന്ന് സെക്രട്ടറി പറഞ്ഞതായി കെ.പി.എ.സി ലളിത അറിയിച്ചു. തനിക്ക് അവസരം നല്‍കിയാല്‍ അക്കാദമിയുടെ ഇമേജ് തകര്‍ന്നു പോകുമെന്ന് സെക്രട്ടറി പറഞ്ഞത് അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടെന്നും 35 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുകയാണെന്നും സര്‍ക്കാരിന്റെ വേദി ഫ്യൂഡല്‍ തമ്പുരാന്‍ മാര്‍ക്ക് അടക്കി വാഴാനുള്ളതല്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

‘ഇത്തരം പ്രവര്‍ത്തികള്‍ സര്‍ക്കാറിന് നാണക്കേട് ഉണ്ടാക്കുന്നു. എങ്ങനെയാണ് ഇത്തരക്കാര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നത്? തനിക്ക് ഉണ്ടായത് ജാതീയവും ലിംഗപരവുമായ വിവേചനമാണ്. മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കും.’ – രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം എന്നാല്‍ രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും വസ്തുതാവിരുദ്ധമാണ് രാമകൃഷ്ണന്‍ പറയുന്നതെന്നുമായിരുന്നു രാധാകൃഷ്ണന്‍ നായരുടെ മറുപടി. ‘കെ.പി.എ.സി ലളിതയുമായി പല കാര്യങ്ങളും സംസാരിക്കും. അതെല്ലാം എങ്ങനെ പുറത്തു പറയും എന്നാണ് രാധാകൃഷ്ണന്‍ നല്‍കിയ വിശദീകരണം. നൃത്തം ആര് അവതരിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് കമ്മിറ്റിയാണ്. ഒറ്റയ്ക്ക് തീരുമാനിക്കാനാകില്ല.’- രാധാകൃഷ്ണന്‍ നായര്‍ വിശദീകരിച്ചു.