യു പി പീഡനം ; പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കാതെ പൊലീസ് തന്നെ രഹസ്യമായി സംസ്‌കാരം നടത്തി

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട 20കാരിയായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കാതെ പൊലീസ് രഹസ്യമായി സംസ്‌കരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പൊലീസും ഹത്രാസ് ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് മൃതദേഹം സംസ്‌കരിച്ചത്.

വീട്ടുകാരെ കാണിക്കുകയോ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ അനുവദിക്കുകയോ ചെയ്യാതെയാണ് മൃതദേഹം രഹസ്യമായി സംസ്‌കരിച്ചത്. യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബം പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു.പി. പൊലീസ് അത് അനുവദിച്ചില്ല. കുടുംബാംഗങ്ങളുടെ എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചാണ് പൊലീസുകാര്‍ മൃതദേഹം ബലമായി സംസ്‌കരിച്ചത്.

കുടുംബത്തെ അറിയിക്കാതെ അര്‍ദ്ധരാത്രിയോടെ പൊലീസ് സംഘം മൃതദേഹം ആശുപത്രിയില്‍ നിന്ന് മാറ്റുകയായിരുന്നു. തലസ്ഥാനത്ത് നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഹാത്രാസിലേക്ക് എത്തിച്ചാണ് യുപി പൊലീസ് മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ഇരയുടെ മാതാപിതാക്കളും സഹോദരങ്ങളും ഡല്‍ഹിയിലായിരുന്നു.

മൃതദേഹം അവസാനമായി കാണണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വിട്ടു കൊടുത്തില്ല. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മൃതദേഹം കൊണ്ടുപോകുന്നതിനിടെ പൊലീസും നാട്ടുകാരും തമ്മിലും ഏറ്റുമുട്ടലുണ്ടായി. മാധ്യമങ്ങളെയും പൊലീസ് അകറ്റി നിര്‍ത്തിയിരുന്നു.

ഇരയുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കുറ്റകൃത്യം ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പൊലീസും ഭരണകൂടവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഹത്രാസ് ജോയിന്റ് മജിസ്‌ട്രേറ്റ് പ്രേം പ്രകാശ് മീണ പറഞ്ഞു.പൊലീസിന്റെ നടപടി കടുത്ത മനുഷ്യത്വരഹിതമെന്നാണ് വിമര്‍ശിക്കപ്പെടുന്നത്. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അന്തസ്സ് മരണത്തില്‍ പോലും നിഷേധിച്ചതിന് പൊലീസുകാര്‍ക്കും ഭരണകൂടത്തിനും എതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാള്‍, യോഗേന്ദ്രയാദവ് തുടങ്ങി നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കൂട്ടമാനഭംഗത്തെയും കൊലപാതകത്തെയും യുപിയിലെ ‘വര്‍ഗാധിഷ്ഠിത ജംഗിള്‍ രാജ്’ എന്ന് വിശേഷിപ്പിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യുവതിയുടെ മൃതദേഹം സംസ്‌കരിച്ച രീതിയെ അപലപിച്ചു. ”ഇന്ത്യയുടെ ഒരു മകളെ ബലാത്സംഗം ചെയ്ത് കൊപ്പെടുത്തിയിരിക്കുന്നു. വസ്തുതകള്‍ അടിച്ചമര്‍ത്തപ്പെട്ടു, അവസാനം അന്ത്യകര്‍മ്മങ്ങള്‍ നടത്താനുളള അവളുടെ കുടുംബത്തിന്റെ അവകാശങ്ങളും അപഹരിക്കപ്പെടുന്നു. ഇത് അധിക്ഷേപവും അന്യായവുമാണ്- രാഹുല്‍ഗാന്ധി വ്യക്തമാക്കി.