ജീവിതത്തിലെ സൂപ്പര്‍ ഹീറോ ; UN-ന്റെ പ്രത്യേക ബഹുമതി നേടി സോനു സൂദ്

ഐക്യരാഷ്ട്ര സഭയുടെ വികസന പദ്ധതിയുടെ സ്‌പെഷ്യല്‍ ഹ്യുമാനിറ്റേറിയന്‍ ആക്ഷന്‍ പുരസ്‌കാരം സ്വന്തമാക്കി ബോളിവുഡ് സിനിമാ താരം സോനു സൂദ്. COVID 19 പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതം അനുഭവിച്ചവര്‍ക്ക് സഹായം ചെയ്തതിലൂടെയാണ് സോനു പുരസ്‌ക്കാരത്തിന് അര്‍ഹനായത്.

ലോക്ക് ഡൌണ്‍ കാരണം കുടുങ്ങിപോയ നിരവധി പേരാണ് സോനു സൂദിന്റെ സഹായത്തെ തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങുകയും പുതിയ ജീവിതം കെട്ടിപടുക്കയും ചെയ്തത്. ആഞ്ചലീന ജോളി , ഡേവിഡ് ബെക്കാം, ലിയോനാര്‍ഡോ ഡികാപ്രിയോ, എമ്മ വാട്‌സണ്‍, ലിയാം നീസണ്‍ തുടങ്ങിയവരാണ് വിവിധ വിഭാഗങ്ങളിലായി ഈ പുരസ്‌കാരം മുന്‍പ് സ്വന്തമാക്കിയിട്ടുള്ളത്.

ലോക്ക്‌ഡൌണ്‍ കാലത്ത് നിരവധി സഹായങ്ങളാണ് സോനു സൂദ് ജനങ്ങള്‍ക്ക് ചെയ്ത് നല്‍കിയത്. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ബസുകള്‍ ഏര്‍പ്പെടുത്തുകയും ട്രെയിന്‍ ടിക്കറ്റുകള്‍ എടുത്തുനല്‍കുകയും ചെയ്തിരുന്നു. കൂടാതെ, കേരളത്തില്‍ കുടുങ്ങിയ ഒഡീഷ സ്വദേശിനികളെ നാട്ടിലെത്തിക്കാനും താരം സഹായം ചെയ്തു. തുന്നല്‍ ജോലിയ്ക്കായി കൊച്ചിയിലെത്തിയ 177 ഒഡീഷ പെണ്‍ക്കുട്ടികളെയാണ് താരം തിരികെ നാട്ടിലെത്തിച്ചത്.