ഹത്രാസ് പീഡനം ; പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന് പോലീസ്
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പത്തൊമ്പതു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വിശദീകരണവുമായി ഉത്തര്‍പ്രദേശ് പൊലീസ്. യുവതി ബലാത്സംഗത്തിന് ഇരയായില്ലെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ പറയുന്നതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ 14നാണ് കുടുംബത്തിനൊപ്പം പുല്‍മേട്ടില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ പത്തൊമ്പതുകാരിയെ ഒരു സംഘം മേല്‍ജാതിക്കാരായ പുരുഷന്‍മാര്‍ ആക്രമിച്ചത്. രണ്ടാഴ്ചക്കാലം ഡല്‍ഹിയിലെ ആശുപത്രിയില്‍ ജീവന്മരണ പോരാട്ടം നടത്തിയതിനു ശേഷം ചൊവ്വാഴ്ച ആയിരുന്നു പെണ്‍കുട്ടിയുടെ മരണം.
‘ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത് പെണ്‍കുട്ടിയുടെ ശരീരത്തില്‍ പുരുഷബീജം കണ്ടെത്തിയിട്ടില്ലെന്നാണ്. ബലാത്സംഗം നടന്നിട്ടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്’ – എ ഡി ജി പ്രശാന്ത് കുമാര്‍ പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. തീര്‍ത്തും തെറ്റായ വിവരങ്ങളില്‍ നിന്ന് എങ്ങനെ ജാതിപരമായ പ്രശ്‌നം സൃഷ്ടിക്കാമെന്നതാണ് ഇത് തെളിയിക്കുന്നത്. ജാതിപ്രശ്‌നം ഉണ്ടാക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തെളിയിക്കാന്‍ ഒന്നുമില്ലെന്നും ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്തായില്ലെന്നും പോലീസ് പറയുന്നു. ബലാത്സംഗം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. പെണ്‍കുട്ടിയ്ക്ക് നട്ടെല്ലിന് പരിക്കേറ്റിരുന്നു , ഇരയുടെ കഴുത്തിലും പരിക്ക്, ഇരയ്ക്ക് ഹൃദയാഘാതം ഉണ്ടായി, രക്തത്തില്‍ അണുബാധയുണ്ടായി. സെപ്റ്റംബര്‍ 29ന് 6:55 രാവിലെ മരണം സംഭവിച്ചു.
കഴുത്തിനേറ്റ പരിക്കാണ് പെണ്‍കുട്ടിയുടെ മരണകാരണം. സ്ഥലത്ത് ജാതിസംഘര്‍ഷം ഉണ്ടാക്കാന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിച്ചുവെന്നും ഉത്തര്‍പ്രദേശ് എഡിജി പ്രശാന്ത്കുമാര്‍ പറയുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയ ചില ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രശാന്ത് കുമാര്‍ വ്യക്തമാക്കുന്നു.