എയര്‍ കംപ്രസര്‍ ചെവിയിലേക്ക് പ്രയോഗിച്ചു ; യുവാവ് കോമയിലായി
ദുബായിലാണ് സംഭവം. കാര്‍ വാഷ് സ്ഥാപനത്തിലെ ബന്ധുക്കളായ രണ്ടുപേരും മറ്റൊരു സുഹൃത്തുമാണ് എയര്‍ കംപ്രസര്‍ തമാശയ്ക്ക് പരസ്പരം ഉപയോഗിച്ചത്. എയര്‍ കംപ്രസര്‍ ചെവിയിലേക്ക് പ്രയോഗിച്ചതിനെത്തുടര്‍ന്ന് ഒരു യുവാവ് കോമയിലാകുകയും, സ്ഥിരമായ അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. ചെവിയിലേക്ക് എയര്‍ കംപ്രസര്‍ ഉപയോഗിച്ച് സുഹൃത്തിനെ അപകടത്തിലാക്കിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
കാര്‍ വൃത്തിയാക്കുന്നതുപോലെ ചെവി വൃത്തിയാക്കിത്തരാം എന്നു പറഞ്ഞുകൊണ്ടാണ് സുഹൃത്തിനുനേരെ എയര്‍കംപ്രസര്‍ ഗണ്‍ പ്രയോഗിച്ചത്. അങ്ങനെ ചെയ്യരുതെന്ന് യുവാവ് അപേക്ഷിച്ചെങ്കിലും പ്രതി ചെവിക്കൊണ്ടില്ലെന്ന് ദുബായ് പൊലീസ് പറയുന്നു. പ്രതിക്കൊപ്പം അയാളുടെ രണ്ടു ബന്ധുക്കള്‍ കൂടിയുണ്ടായിരുന്നു. അവരും ഈ കൃത്യത്തെ പിന്തുണച്ചുവെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എയര്‍ കംപ്രസര്‍ പ്രയോഗിച്ചതോടെ യുവാവ് ബോധരഹിതനായി വീണു. ഉടന്‍ പ്രതികള്‍ തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തി യുവാവിനെ ആംബലന്‍സില്‍ എത്തിച്ചു. എന്നാല്‍ ചെവിയിലേക്കുള്ള മസ്തിഷ്‌ക്കത്തിലെ നാഡിക്ക് സാരമായ തകരാര്‍ സംഭവിച്ചിരുന്നു. യുവാവ് കോമയിലാകുകയും ചെയ്തു. വിശദമായ പരിശോധനയില്‍ യുവാവിന് കേള്‍വിശക്തി നഷ്ടമായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. വിചാരണയ്‌ക്കൊടുവില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി തടവുശിക്ഷ വിധിക്കുകയായിരുന്നു. കൂടാതെ കേള്‍വിശക്തി നഷ്ടമായ യുവാവിന് പ്രതി നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.