രാഹുലും പ്രിയങ്കയും യു പിയില്‍ അറസ്റ്റില്‍

കോണ്ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 188 പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ്‌ചെയ്ത ഇരുവരേയും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.

ഹത്റാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് രാഹുലിനേയും പ്രിയങ്കയേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ രാഹുല്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ രാഹുല്‍ ഗാന്ധി നിലത്തുവീണു. രാഹുലിനേയും സംഘത്തേയും ഒരു കാരണവശാലും ഹത്റാസിലേക്ക് കടത്തിവിടില്ലെന്ന് പൊലീസ് പറഞ്ഞു. ഒറ്റയ്ക്കായാലും ഹത്റാസിലേക്ക് പോകുമെന്നും ഏത് വകുപ്പ് ചുമത്തി പൊലീസ് കേസെടുക്കുമെന്ന് അറിയണമെന്നും രാഹുല്‍ പറഞ്ഞു.

നോയിഡയില്‍ വച്ചാണ് ഇരുവരുടേയും വാഹനം തടഞ്ഞത്. തുടര്‍ന്ന് ഇരുവരും കാല്‍നടയായി ഹഥ്‌റാസിലേക്ക് തിരിച്ചു. പിന്നീടാണ് ഇവരെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞു.