ചികിത്സാപ്പിഴവ് മൂലം ഏഴു വയസ്സുകാരി മരിച്ചു ; കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ ആത്മഹത്യ ചെയ്തു
കൊല്ലം അനൂപ് ഓര്‍ത്തോ ക്ലിനിക്ക് ഉടമ ഡോ. അനൂപാണ് ആത്മഹത്യ ചെയ്തത്. വീടിലെ ബാത്ത് റൂമില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം കൈ ഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിയത്. മുപ്പത്തിനാല് വയസ്സായിരുന്നു. ക്ലിനിക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴു വയസ്സുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതിനു പിന്നാലെയാണ് ആത്മഹത്യ.
എഴുകോണ്‍ സ്വദേശികളായ സജീവ് കുമാര്‍- വിനിത ദമ്പതികളുടെ മകള്‍ ഏഴ് വയസുകാരി ആദ്യ എസ്.ലക്ഷ്മിയെ ഇക്കഴിഞ്ഞ ഇരുപത്തി രണ്ടിനാണ് ജന്മനാ കാലിലുള്ള വളവു മാറ്റാന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ശസ്ത്രക്രിയ നടത്തിയാല്‍ പരിഹാരമുണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ രക്ഷിതാക്കളോട് പറയുകയായിരുന്നു.
വലിയ ചെലവ് വരുമെന്ന് അറിയിച്ചതിനാല്‍ പലിശയ്ക്കും കടം വാങ്ങിയും മറ്റും കുട്ടിയുടെ മാതാപിതാക്കള്‍ ശസ്ത്രക്രിയയ്ക്ക് തുക അടച്ചു. ഇരുപത്തിമൂന്നിന് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടു പോയ ശേഷം, ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായിയെന്ന് ബന്ധുക്കളോട് പറയുകയായിരുന്നു. അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ചികിത്സയിലും അനസ്‌തേഷ്യ നല്‍കിയതിലും ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ചൂണ്ടികാട്ടി നേരത്തെ രക്ഷകര്‍ത്താക്കള്‍ പോലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സ്വകാര്യ ആശുപത്രിക്കു മുന്നില്‍ വീട്ടുകാര്‍ പ്രതിഷേധിച്ചു. മൃതദേഹവുമായി എത്തിയ ആബുലന്‍സ് ആശുപത്രിയില്‍ എത്തും മുന്‍പ് പോലീസ് തടഞ്ഞിരുന്നു. കൊല്ലം കടപ്പാക്കടയ്ക്കു സമീപമാണ് അനൂപ് ഓര്‍ത്തോ കെയര്‍ എന്ന ആശുപത്രി പ്രവര്‍ത്തിക്കുന്നത്.