ദുരഭിമാനക്കൊല ; ഹൈദരാബാദില്‍ യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ കൊന്നു

ഹൈദരാബാദില്‍ ആണ് സംഭവം. യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ കൊലപ്പെടുത്തുകയായിരുന്നു. 28കാരനായ ഹേമന്ദ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹേമന്ദിന്റെ ഭാര്യ അവന്തി റെഡ്ഡിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നടന്നത് ദുരഭിമാനക്കൊലയാണെന്ന് പൊലീസ് അറിയിച്ചു.

സെപ്റ്റംബര്‍ 24 ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ജൂണ്‍ പത്തിനായിരുന്നു ഹേമന്ദ് കുമാറും അവന്തി റെഡ്ഡിയും വിവാഹിതരായത്. തുടര്‍ന്ന് വീട്ടുകാര്‍ അറിയാതെ ഹൈദരാബാദില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇതിനിടെ ഹൈദരാബാദില്‍ താമസമാക്കിയത് അറിഞ്ഞ അവന്തിയുടെ മാതാപിതാക്കള്‍ ഇരുവരേയും കൊല്ലാന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നു.

വാടക വീട്ടിലെത്തിയ സംഘം ഇരുവരേയും വലിച്ചിഴച്ച് കാറില്‍ കൊണ്ടുപോയി. വഴിയില്‍ വച്ച് കാറ് മാറുന്നതിനിടയില്‍ അവന്തി റെഡ്ഡി ഓടി രക്ഷപ്പെട്ട് പൊലീസില്‍ അഭയം തേടി. എന്നാല്‍ ഹേമന്ദ് കുമാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അവന്തി റെഡ്ഡിയുടെ പിതാവ് ഡി. ലക്ഷ്മി റെഡ്ഡി, അമ്മ അര്‍ച്ചന ഉള്‍പ്പെടെ പതിനാല് പേരെ പോലീസ് അറസ്റ്റ്‌ചെയ്തു.