ബലാത്സംഗ കൊലപാതകം ; മാധ്യമങ്ങളെയും ജനപ്രതിനിധികളെയും പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ അനുവദിക്കാതെ യു.പി പൊലീസ്

ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്നതില്‍ നിന്ന് മാധ്യമങ്ങളെയും ജനപ്രതിനിധികളെയും പൊലീസ് വിലക്കുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാനോ, മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് പോകാനോ അനുവാദമില്ലെന്ന വാദവുമായാണ് ഉത്തര്‍പ്രദേശ് പൊലീസ് മാധ്യമങ്ങളെ അടക്കം തടഞ്ഞത്. ദേശീയ മാധ്യമമായ ഇന്ത്യ ടിവി സംഘത്തെ പൊലീസ് തടഞ്ഞത് അവര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ എം.പിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഡെറക് ഒബ്രിയന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെയും പൊലീസ് തടഞ്ഞിരുന്നു. തൃണമൂല്‍ എംപിമാരായ ഡെറക് ഓബ്രിയന്‍, കകോലി ഘോഷ് ദാസ്തിദാര്‍, പ്രതിമ മൊണ്ടാല്‍ഹാവ് എന്നിവരടങ്ങുന്ന സംഘത്തെയാണ് പൊലീസ് തടഞ്ഞത്.

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാനും ആശ്വസിപ്പിക്കാനുമായി ഡല്‍ഹിയില്‍നിന്ന് 200 കിലോമീറ്ററോളം സഞ്ചരിച്ചാണ് തൃണമൂല്‍ നേതാക്കള്‍ ഹാഥ്റസിലെത്തിയത്. പ്രദേശത്തെ പൊലീസ് ബാരിക്കേഡുകള്‍ മാറ്റി മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ച സംഘത്തെ സേന ബലമായി തടയുകയായിരുന്നു. വനിതാ എം.പിമാര്‍ ഉള്‍പ്പെടെയുള്ളവരെയടക്കം പൊലീസ് കയ്യേറ്റം ചെയ്യുകയും ബലമായി തടയുകയും ചെയ്തു. പിടിവലിക്കിടെ ഡെറിക് ഒബ്രിയാനെ പൊലീസ് വലിച്ച് താഴെയിട്ടു. എന്ത് അധികാരത്തിന്റെ പുറത്താണ് അവര്‍ ഇതൊക്കെ ചെയ്യുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കകോലി ഷോഘ് ചോദിച്ചു.

കഴിഞ്ഞ ദിവസം ഹാഥ്‌റസിലേക്ക് തിരിച്ച പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും യു.പി പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.