വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; സീരിയല്‍ നടനും സുഹൃത്തുക്കളും അറസ്റ്റില്‍

വീട്ടമ്മയുടെ നഗ്‌ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദന്തവിഭാഗം ഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ഖാന്‍, ഇവരുടെ സുഹൃത്ത് നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വര്‍ക്കല സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ഏതാനും മാസങ്ങളായി വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടെന്ന തരത്തില്‍ വിവിധ പേരുകളില്‍ നിന്നും കത്തുകളും വന്നിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്.

യുവതിയുടെ ദാമ്പത്യ ജീവിതം തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ജാസ്മീര്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി അയാളുടെ ഭാര്യയും രംഗത്തെത്തി. ഐ ടി ആക്റ്റ്, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തി വരികയാണ്.