ബിനീഷ് കോടിയേരിയെ ചൊവ്വാഴ്ച്ച ബെംഗളൂരു ഇ.ഡി ചോദ്യം ചെയ്യും
ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ചൊവ്വാഴ്ച ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായ മലയാളി മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആറാം തീയതി ബെംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. അനൂപുമായി നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ വളിപ്പിച്ചിരിക്കുന്നത്. ഹോട്ടല്‍ ബിസിനസ് നടത്താന്‍ ബിനീഷ് പണം നല്‍കിയെന്ന് അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇതു ബിനീഷ് സ്ഥിരീകരിക്കുകയും ചെയ്തു. അനൂപ് സുഹൃത്താണെന്നും ലഹരി മരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ബിനീഷിന്റെ പ്രതികരണം.
കഴിഞ്ഞയാഴ്ച അനൂപിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കോടതിയുടെ അനുമതിയോടെ പരപ്പന അഗ്രഹാര ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യല്‍. ഇതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ സെപ്റ്റംബര്‍ 9ന് ഇഡി കൊച്ചിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.