കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറ്റം ചെയ്യല്‍; മൂന്ന് പേര്‍ മലപ്പുറത്ത് അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും കാണുകയും കൈമാറ്റം ചെയ്യുകയും ചെയ്ത കേസില്‍ മലപ്പുറത്ത് മൂന്നുപേര്‍ അറസ്റ്റില്‍. പോക്സോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവും ആണ് കേസ് എടുത്തിട്ടുള്ളത്. മൂന്ന് പേരെയും കോടതിയില്‍ ഓണ്‍ലൈന്‍ ആയി ഹാജരാക്കും.

പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത് എടക്കര സ്വദേശി സമീലിനെയാണ്. പൊന്നാനിയില്‍ രണ്ട് കേസുകളിലായി വെസ്റ്റ് ബംഗാള്‍ സ്വദേശികളായ റഹ്മാന്‍ അലി, മകന്‍ സിക്കന്ദര്‍ അലി എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പൂക്കോട്ടുംപാടം, കല്‍പകഞ്ചേരി, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ ആണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 69 സ്ഥലങ്ങള്‍ പരിശോധന നടത്തുകയും 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 44 മൊബൈല്‍ ഫോണുകളും രണ്ട് ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.