അടുത്തവര്‍ഷം ജൂലൈയോടെ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. സമൂഹമാധ്യമത്തിലെ പതിവ് സംവാദ പരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജ്യത്ത് 40 മുതല്‍ 50 കോടിയോളം ഡോസ് വാക്സിനാണ് സര്‍ക്കാര്‍ സംഭരിക്കുന്നത്. ഇത് 20 മുതല്‍ 25 കോടി ജനങ്ങള്‍ക്ക് 2021 ജൂലൈ മാസത്തോടെ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വാക്‌സിന്‍ വിതരണത്തിനുള്ള വിഭാഗങ്ങളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹായം വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ അവസാനത്തോടെ മുന്‍ഗണനാ വിഭാഗത്തിന്റെ പട്ടിക ഹാജരാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കുകള്‍, സാനിറ്ററി സ്റ്റാഫ്, ആശാ വര്‍ക്കര്‍മാര്‍, കോവിഡ് രോഗികളെ കണ്ടെത്തല്‍, പരിശോധന, ചികിത്സ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവരെയാണ് ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കാകും വാക്സിന്‍ ആദ്യ ഘട്ടത്തില്‍ നല്‍കുക.
വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി നീതി ആയോഗ് അംഗം വി കെ പോളിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി നടപടികള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ സംഭരിക്കുകയും കൂടുതല്‍ അത്യാവശ്യക്കാര്‍ക്ക് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച മൂന്നു വാക്‌സിനുകളും ഫലപ്രദമാണെന്ന് രാജ്യത്തിന് പുറത്ത് നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. സിംഗിള്‍ ഡോസ് വാക്‌സിനാണ് അഭികാമ്യം. എന്നിരുന്നാലും,രണ്ട് ഡോസ് വാക്‌സിന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതുപോലെ ഇന്ത്യയിലെത്തുന്ന വാക്സിന്റ ഓരോ ഡോസും കൃത്യമായി അര്‍ഹതപ്പെട്ടവരില്‍ എത്തുന്നുവെന്നും അവ കരിഞ്ചന്തയില്‍ എത്തുന്നില്ലെന്നും ഉറപ്പാക്കാന്‍ കൃത്യമായ നിരീക്ഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.