ഹാഥ്‌റസ് പീഡനം ; പെണ്‍കുട്ടിക്ക് മേല്‍ നടന്നത് കടുത്ത ബലപ്രയോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ഹാഥ്‌റസ് പെണ്‍കുട്ടിയുടെ മേല്‍ അക്രമികള്‍ നടത്തിയത് കടുത്ത ബലപ്രയോഗം എന്ന് വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്. അലിഗഢ് ജവഹര്‍ ലാല്‍ നെഹ്രു ആശുപത്രിയുടെ മെഡിക്കല്‍ ലീഗല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്നായിരുന്നു യു.പി പൊലീസിന്റെ വാദം. എന്നാല്‍ അങ്ങനെ അല്ല എന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ബന്ധുക്കളെ വീട്ടില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചതും വിവാദമായിരുന്നു.
ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ക്രൂരമായി കൊല ചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. കുറ്റക്കാരെ ശിക്ഷിക്കുന്നതിന് പകരം, പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടുതടങ്കലിലാക്കി വേട്ടയാടുകയാണ് യു.പി പൊലീസെന്ന് ആരോപണമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ്‌റസിലെത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു.