കേരളത്തില്‍ നിന്ന് യോഗിയുടെ യു.പിയിലേക്ക് വലിയ ദൂരമില്ല

കേരളത്തില്‍ നിന്ന് യോഗിയുടെ യു.പിയിലേക്ക് വലിയ ദൂരമില്ല എന്ന ഫേസ്ബുക്ക് പോസ്റ്റുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി. എസ്.എഫ്.ഐയുടെ രക്തസാക്ഷി അഭിമന്യുവിന്റെ സ്വദേശമായ വട്ടവടയില്‍ ദലിതര്‍ക്ക് ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടി വെട്ടാന്‍ പോലും സ്വാതന്ത്ര്യം ഇല്ലെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് വന്നത്. വിനായകന്‍ എന്ന പാവപ്പെട്ട യുവാവിനെ അല്‍പ്പം മുടി വളര്‍ത്തി എന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി അക്രമിക്കുകയും പിന്നീട് അപമാന ഭാരത്താല്‍ ആത്മഹത്യ ചെയ്യേണ്ടി വന്നതും കേരളത്തില്‍ ആണ്.

വാളയാറില്‍ രണ്ട് ദളിത് സഹോദരിമാരുടെ കൊലക്ക് ഉത്തരവാദികളും തെളിവും ഇല്ലാതാക്കിയതും, ആ പ്രതികളുടെ അഭിഭാഷകനെ ശിശു ക്ഷേമ സമിതിയുടെ അധ്യക്ഷനാക്കിയതും കേരളത്തില്‍ ആണ്. കെവിന്‍ എന്ന ദലിത് യുവാവിന്റെ ജാതിക്കൊലയില്‍ പങ്കാളിയായ പൊലീസ് ഉദ്യോഗസ്ഥനെ കെവിന്റെ ആണ്ട് തികയും മുന്‍പ് സര്‍വീസില്‍ തിരിച്ചെടുത്തതും, ചിത്രലേഖയുടെ ഓട്ടോയും വീടും നശിപ്പിച്ചതും, കൊല്ലത്ത് ദലിത് ബാലന്‍ വാഴക്കൈയ്യില്‍ തൂങ്ങി മരിച്ചതാണെന്ന് പൊലീസ് വിധി പറഞ്ഞതും കേരളത്തില്‍ ആണ്.

ദലിത് കവിയായ എസ് കലേഷിന്റെ കവിത സ്വന്തം പേരില്‍ അധ്യാപിക പ്രസിദ്ധീകരണത്തിനയച്ചത് ചര്‍ച്ച ആയപ്പോള്‍ ആ കവിയെ തന്നെ കുറ്റക്കാരനാക്കാന്‍ ശ്രമിച്ചതും, സംഗീത നാടക അക്കാദമി അവസരങ്ങള്‍ നിഷേധിച്ചത് മൂലം കലാഭവന്‍ മണിയുടെ സഹോദരനും പ്രശസ്ത നര്‍ത്തകനുമായ രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചതും ഇതേ കേരളത്തില്‍ ആണ്’; കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

എസ് എഫ് ഐയുടെ രക്തസാക്ഷി അഭിമന്യുവിന്റെ സ്വദേശമാണ് വട്ടവട. സി.പി.എം സ്വാധീന മേഖല. അവിടെ ദലിതര്‍ക്ക് ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടി വെട്ടാന്‍ പോലും സ്വാതന്ത്ര്യം ഇല്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന വാര്‍ത്ത. പുതിയ പൊതു ബാര്‍ബര്‍ ഷോപ്പ് നിര്‍മിച്ച് കേസ് അനുരഞ്ജനത്തിലൂടെ ഒത്തുതീര്‍പ്പാക്കി എന്നല്ലാതെ പതിറ്റാണ്ടുകളായി ദളിതര്‍ക്കെതിരെ വിവേചനം കാണിച്ചു കൊണ്ടിരിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനൊ നിയമനടപടി സ്വീകരിക്കാനൊ ഇടത് സര്‍ക്കാര്‍ തയ്യാറായില്ല.

വിനായകന്‍ എന്ന പാവപ്പെട്ട യുവാവിനെ അല്‍പ്പം മുടി വളര്‍ത്തി എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി അക്രമിക്കുകയും ഒടുവില്‍ അവന് അപമാന ഭാരത്താല്‍ ആത്മഹത്യ ചെയ്യേണ്ടി വന്നതും കേരളത്തില്‍ ആണ്.വാളയാറില്‍ രണ്ട് ദളിത് സഹോദരിമാരുടെ കൊലക്ക് ഉത്തരവാദികളും തെളിവും ഇല്ലാതാക്കിയതും, ആ പ്രതികളുടെ അഭിഭാഷകനെ ശിശു ക്ഷേമ സമിതിയുടെ അധ്യക്ഷനാക്കിയതും കേരളത്തില്‍ ആണ്.കെവിന്‍ എന്ന ദളിത് യുവാവിന്റെ ജാതിക്കൊലയില്‍ പങ്കാളിയായ പോലീസ് ഉദ്യോഗസ്ഥനെ കെവിന്റെ ആണ്ട് തികയും മുന്‍പ് സര്‍വീസില്‍ തിരിച്ചെടുത്തതും, ചിത്രലേഖയുടെ ഓട്ടോയും വീടും നശിപ്പിച്ചതും, കൊല്ലത്ത് ദലിത് ബാലന്‍ വാഴക്കയ്യില്‍ തൂങ്ങി മരിച്ചതാണെന്ന് പോലീസ് വിധി പറഞ്ഞതും കേരളത്തില്‍ ആണ്.ദലിത് കവിയായ എസ് കലേഷിന്റെ കവിത സ്വന്തം പേരില്‍ അധ്യാപിക പ്രസിദ്ധീകരണത്തിനയച്ചത് ചര്‍ച്ച ആയപ്പോള്‍ ആ കവിയെ തന്നെ കുറ്റക്കാരനാക്കാന്‍ ശ്രമിച്ചതും ഇപ്പോള്‍ അതിന്റെ തുടര്‍ച്ചയെന്നോണം സംഗീത നാടക അക്കാദമി അവസരങ്ങള്‍ നിഷേധിച്ചത് മൂലം കലാഭവന്‍ മണിയുടെ സഹോദരനും പ്രശസ്ത നര്‍ത്തകനുമായ രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചതും ഇതേ കേരളത്തില്‍ ആണ്.

ഇതൊക്കെ നടന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണകാലത്താണെന്ന് മാത്രമല്ല, പ്രതികളെ ചേര്‍ത്ത് പിടിക്കാന്‍ ആണ് സര്‍ക്കാര്‍ എന്നും ശ്രമിച്ചിട്ടുള്ളതും. ഇടതുപക്ഷത്തിന്റെ കൃത്യമായ ഇരട്ടത്താപ്പാണിത്.മേല്‍ പറഞ്ഞ വിഷയങ്ങളില്‍ സര്‍ക്കാറിന്റെ നിലപാടുകള്‍ ചോദിച്ചാല്‍ കേരളത്തില്‍ നിന്ന് യോഗി ആദിത്യനാഥിന്റെ യുപിയിലേക്ക് വലിയ ദൂരമൊന്നുമില്ലെന്ന് മനസ്സിലാക്കാവുന്നതാണ്..

വാഹന പരിശോധനയ്ക്ക് കാണിക്കുന്ന ജാഗ്രത പോലും സാധാരണക്കാരുടെ കാര്യത്തിലില്ലാത്ത സംസ്ഥാന സര്‍ക്കാരിന്റെ ആളുകള്‍ ആണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി യോഗി ആദിത്യനാഥിന്റെ പോലീസിനെ തെരുവില്‍ നേരിടുന്ന രാഹുല്‍ ഗാന്ധിയെ ഈ അവസരത്തിലും അധിക്ഷേപിക്കുന്നത് സ്വന്തം കയ്യിലെ ചോരക്കറ മറച്ചുപിടിക്കാനുള്ള സി.പി.എം പ്രവര്‍ത്തകരുടെ ഗൂഢതന്ത്രമാണെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്..

കൊടിക്കുന്നില്‍ സുരേഷ് എം.പി വര്‍ക്കിങ് പ്രസിഡന്റ്, കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി.