കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും സര്‍ക്കാരുകള്‍ എഴുതി തള്ളണം: രാഷ്ട്രീയ കിസാന്‍ മഹാ സംഘ്
കൊച്ചി: കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എഴുതി തള്ളണമെന്ന് കേരളത്തിലെ 36 സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കോവിസ് 19 കാലഘട്ടത്തില്‍ കൃഷി ഒഴികെയുള്ള എല്ലാ മേഖലകളും വളര്‍ച്ചാനിരക്ക് 20 ശതമാനത്തിനടുത്ത് ഇടിഞ്ഞിരിക്കുമ്പോള്‍ കാര്‍ഷീക മേഖലയാണ് 3.9 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വളര്‍ച്ച എന്നും കൃഷിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ കൃഷിയേയും കര്‍ഷകരേയും സഹായിക്കുന്ന നിലപാടുകളാണ് കേന്ദ്രഗവണ്‍മെന്റ് സ്വീകരിക്കേണ്ടത്. 20 ലക്ഷം കോടി രൂപയുടെ കോവിഡ്-19 പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ കര്‍ഷകക്ഷേമത്തിനായി നേരിട്ട് കാര്യമായ പ്രഖ്യാപനങ്ങളില്ലാതെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് കാര്‍ഷികമേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ സമീപനത്തില്‍ സംസ്ഥാന സമിതി ശക്തമായി പ്രതിഷേധിച്ചു.
സംസ്ഥാന ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ യോഗം ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റുകള്‍ കാര്‍ഷികമേഖലയെ കയ്യടക്കുവാന്‍ അണിയറയിലൊരുങ്ങുമ്പോള്‍ കര്‍ഷകര്‍ സംഘടിച്ച് സംരംഭങ്ങളിലൂടെ കോര്‍പ്പറേറ്റുകളായി മാറണമെന്നും ആഗോളവിപണി ലക്ഷ്യംവെച്ചുകൊണ്ടല്ലാതെ വരുംനാളുകളില്‍ കാര്‍ഷികമേഖലയ്ക്ക് നിലനില്‍പ്പില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
സംസ്ഥാന വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി അദ്ധ്യക്ഷത വഹിച്ചു. ദേശീയ കോ.ഓര്‍ഡിനേറ്റര്‍ ബിജു കെ.വി. മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയര്‍മാന്‍മാരായ ഡിജോ കാപ്പന്‍, ഫാ.ജോസഫ് കാവനാടി, ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ്, ഭാരവാഹികളായ ജോയ് കണ്ണംചിറ, പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, അഡ്വ. ജോണ്‍ ജോസഫ്, രാജു സേവ്യര്‍, ജെന്നറ്റ് മാത്യു, സുരേഷ് കുമാര്‍ ഓടാപ്പന്തിയില്‍, സ്‌കറിയ നെല്ലംകുഴി, ഷുക്കൂര്‍ കണാജെ, നൈനാന്‍ തോമസ്, ഷാജി ബദിയടുക്ക, അപ്പച്ചന്‍ ഇരുവേലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.