സ്‌കൂള്‍ തുറക്കലിന് പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം

അഞ്ചാംഘട്ട ലോക്ക്ഡൗണിന്റെ മാര്‍ഗരേഖയിലാണ് സ്‌കൂള്‍ കോളേജ് എന്നിവ തുറക്കുന്നതിനെ പറ്റി പറഞ്ഞിരിക്കുന്നത്. സ്‌കൂളുകള്‍ തുറന്നാലും ഉടന്‍ വിദ്യാര്‍ഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിര്‍ണയവും നടത്തരുതെന്നാണു മാര്‍ഗരേഖയില്‍ പറയുന്നത്. സ്‌കൂളുകള്‍ ഒക്ടോബര്‍ 15-ന് ശേഷം തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

സ്‌കൂളുകളില്‍ ഡോക്ടറുടെയും നഴ്സിന്റെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഹാജര്‍ കര്‍ശനമാക്കരുത്. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അസുഖ അവധി ആവശ്യമെങ്കില്‍ അനുവദിക്കണം. രക്ഷിതാക്കളുടെ അനുമതി പത്രവുമായി മാത്രമെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താവൂ. സ്‌കൂളില്‍ വരണമോ ഓണ്‍ലൈന്‍ ക്ലാസ് തുടരണോ എന്നകാര്യം തീരുമാനിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂള്‍ കാമ്പസ് മുഴുവന്‍ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് വരുമ്പോഴും തിരിച്ചു പോകുന്‌പോഴും ക്ലാസില്‍ ഇരിക്കുമ്പോഴും സാമൂഹ്യ അകലം ഉറപ്പാക്കണം എന്നിങ്ങനെയാണ് മാര്‍ഗരേഖയുള്ളത്.