ഹത്റാസ് പീഡന കേസ് നാളെ സുപ്രിംകോടതിയില്‍

ഉത്തര്‍ പ്രദേശിലെ ഹത്റാസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി കോടതി നാളെ പരിഗണിക്കും. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ചീഫ് ജസ്റ്റീസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

രാജ്യം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന കേസാണ് നാളെ കോടതി പരിഗണിക്കുക. പൊതു പ്രവര്‍ത്തകനായ സത്യമാ ദുബെ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയാണ് പരിഗണിക്കുന്നത്. കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വിചാരണാ നടപടികള്‍ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും ആവശ്യമുണ്ട്.

അതേസമയം സംഭവത്തിലെ പ്രതിഷധങ്ങള്‍ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ്. ജാതി കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെന്നും വെബ്സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്നും ഇത് രാജ്യാന്തര ഗൂഢാലോചനയാണെന്നുമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

‘ജസ്റ്റിസ് ഫോര്‍ ഹാഥ്റസ് വിക്ടിം’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെബ്സൈറ്റില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതിരോധമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടണം എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. അമേരിക്കയിലെ ‘ബ്ലാക്ക് ലിവ് മാറ്റര്‍’ പ്രക്ഷോഭകാരികള്‍ ഉപയോഗിച്ചിരുന്ന വെബ്സൈറ്റാണ് ഇതെന്നും പൊലീസ് പറയുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാരിന് എതിരെ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അന്താരാഷ്ട്ര ഫണ്ടിങ്ങിലൂടെ ജാതി-വര്‍ഗീയ കലാപങ്ങള്‍ക്ക് അടിത്തറപാകാന്‍ ശ്രമിച്ചുകൊണ്ട് പ്രതിപക്ഷം ഞങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിപക്ഷ പാര്‍ട്ടികള്‍ കലാപം കാണാന്‍ ആഗ്രഹിക്കുന്നു. ഇത്തരം ഗൂഢാലോചനകള്‍ക്കെല്ലാമിടയില്‍ ഞങ്ങള്‍ക്ക് മുന്നോട്ടുപോകേണ്ടതുണ്ട്.’ ആദിത്യനാഥ് പറഞ്ഞു.