സെക്രട്ടേറിയറ്റ് തീപിടുത്തം ; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ല ; കത്തിയത് ഫയലുകള്‍ മാത്രം
സെക്രട്ടേറിയറ്റ് തീപിടുത്തത്തിനു കാരണം ഷോര്‍ട്ട്സര്‍ക്യൂട്ടല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. തീപിടുത്തം ഷോര്‍ട്ട്സര്‍ക്യൂട്ടാണെന്ന് തെളിയിക്കുന്ന ഒന്നും സംഭവ സ്ഥലത്തുനിന്നും ലഭിച്ചിട്ടില്ലയെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ വ്യക്തമാക്കുന്നത്. തീപിടുത്തമുണ്ടായപ്പോള്‍ കത്തിയത് ഫയലുകള്‍ മാത്രമാണെന്നും സാനിറ്റൈസര്‍ ഉള്‍പ്പെടെ അവിടെയുണ്ടായിരുന്ന മറ്റ് വസ്തുക്കള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഫോറന്‍സിക് ലാബിലെ ഫിസിക്സ് വിഭാഗമാണ് സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എഡിജിപി മനോജ് എബ്രാഹാമിനും കേസിന്റെ അന്വേഷണ ചുമതലയുള്ള എസ്പിയ്ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.
ഇതോടെ ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടുത്തത്തിനുള്ള കാരണം എന്ന സര്‍ക്കാരിന്റെ വാദം പൊളിയുകയാണ്. തീപിടിച്ച സ്ഥലത്തുനിന്നും ലഭിച്ച 24 വസ്തുക്കള്‍ പരിശോധിച്ച ശേഷമാണ് ഈ നിഗമനത്തില്‍ എത്തിചേര്‍ന്നത്. തീപിടുത്തം ഉണ്ടായ ദിവസം ജില്ലാ ഫോറന്‍സിക് ഓഫീസറുടെ നേതൃത്വത്തില്‍ സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ പിറ്റേന്നാണ് ഫോറന്‍സിക് ലാബിലെ ഫിസിക്സ്, കെമസ്ട്രി ഡിവിഷനുകളില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി സാംപിളുകള്‍ ശേഖരിച്ചത്. ഇവര്‍ കത്തിയ സ്ഥലത്തു നിന്നും ചാരം ഉലപ്പെടെയുള്ളശേഖരിക്കുകയും തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് വഴി സീല്‍ചെയ്ത് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കോടതി ഇവ തെളിവായി രേഖപ്പെടുത്തിയശേഷം സീല്‍ ചെയ്തകവറില്‍ ഫോറന്‍സിക് ലാബിന് തിരിച്ചയച്ചു കൊടുത്തു. ഇതിനുശേഷമാണ് പരിശോധന നടത്തിയത്.
ആഗസ്റ്റ് 25 നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത തീപിടുത്തമാണിതെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നിരുന്നു. ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ കാരണം സെക്രട്ടേറിയറ്റ് ഓഫീസുകള്‍ സഹിതം അവധിയായിരുന്ന സമയം ആണ് സംഭവം ഉണ്ടായത്.