ലഹരി മരുന്ന് കേസില്‍ നടി റിയാ ചക്രബര്‍ത്തിക്ക് ജാമ്യം
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടിയും അന്തരിച്ച സിനിമാ താരം സുശാന്ത് സിംഗിന്റെ കാമുകിയുമായിരുന്ന റിയാ ചക്രവര്‍ത്തിക്ക് ജാമ്യം. അറസ്റ്റിലായി 28 ദിവസങ്ങള്‍ക്കുശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. റിയയ്‌ക്കൊപ്പം സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡെ, ദീപേഷ് സാവന്ത് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. അതേസമയം, അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കര്‍ശന ഉപാധികളോടെയാണ് മൂവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
അടുത്ത 10 ദിവസം റിയ പോലിസ് സ്റ്റേഷനിലെത്തി ഒപ്പിടണം, രാജ്യം വിട്ടുപോവരുത്, മുംബൈ വിട്ട് പോവാന്‍ പോലീസ് അനുമതി വാങ്ങണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. സെപ്റ്റംബര്‍ നാലിന് അറസ്റ്റിലായ ഷോവിക് നവി മുംബൈ തലോജ ജയിലിലും എട്ടിന് അറസ്റ്റിലായ റിയ ബൈക്കുള ജയിലിലുമാണ് കഴിഞ്ഞിരുന്നത്. ലഹരിക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈമാസം 20 വരെ നീട്ടിയിരുന്നു.
‘കോടതി ഉത്തരവില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ആത്യന്തികമായി സത്യവും നീതിയും വിജയിക്കുകയും വസ്തുതകള്‍ ജഡ്ജിയായ ജസ്റ്റിസ് സാരംഗ് വി കോട്വാള്‍ അംഗീകരിക്കുകയും ചെയ്തു’, റിയ ചക്രബര്‍ത്തിയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡേ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (NCB) അറസ്റ്റ് ചെയ്യുന്നത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു റിയയുടെ അറസ്റ്റ്.
ജൂണ്‍ 14ന് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നത് കാമുകി കൂടിയായ റിയ ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാല്‍, സുശാന്ത് സിംഗ് മയക്കുമരുന്ന് ശീലം നിലനിര്‍ത്താനായി തങ്ങളെ ഉപയോഗിക്കുകയായിരുന്നുവെന്ന് റിയ ജാമ്യാപേക്ഷയില്‍ പറഞ്ഞു. തനിക്കും സഹോദരനുമെതിരെ നിരന്തരമായ വേട്ടയാടലാണ് നടക്കുന്നതെന്നും റിയ പറഞ്ഞു.