കണ്ടെയ്ന്‍മെന്റ് സോണില്‍ നിരോധനാജ്ഞ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം പാങ്ങപ്പാറ ആശുപത്രിയിലെ ഉദ്ഘാടന പരിപാടിയിലാണ് മന്ത്രി തന്നെ ചട്ട ലംഘനം നടത്തിയത്. കണ്ടെയ്ന്‍മെന്റ് സോണിലാണ് ആള്‍ക്കൂട്ടത്തോടൊപ്പം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിപാടിയില്‍ പങ്കെടുത്തത്. ശ്രീകാര്യത്തെ കണ്ടെയ്മെന്റ് സോണിലായിരുന്നു സംഭവം നടന്നത്. പരിപാടിയില്‍ തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറും പങ്കെടുത്തു.
കൊവിഡ് സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയുടെ മേല്‍നോട്ടം വഹിക്കുന്ന മന്ത്രിയാണ് കടകംപള്ളി. ഫാമിലി ഇന്റഗ്രേറ്റഡ് പദ്ധതിയുടെ ഉദ്ഘാടനമാണ് നടന്നത്. പുറത്തുനിന്നുള്ള മറ്റ് ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍ ഉദ്ഘാടന യോഗത്തില്‍ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചതായി മേയര്‍ പറഞ്ഞു. എന്നാല്‍ നാടമുറിക്കല്‍ ചടങ്ങില്‍ ആശുപത്രിയിലെ ആളുകള്‍ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഉച്ചയ്ക്ക് 3 മണി മുതല്‍ 5 മണി വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മന്ത്രിയും മേയറും ആശുപത്രിയില്‍ എത്തിയത് മുതല്‍ നിരോധനാജ്ഞ ലംഘിച്ചു ആള്‍ക്കൂട്ടമുണ്ടായി. സാമൂഹ്യ അകലമടക്കമുള്ള കാര്യങ്ങള്‍ പാലിച്ചിട്ടില്ലെന്നു ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആശുപത്രിയിലെ ജീവനക്കാര്‍ക്കൊപ്പം പുറത്തുനിന്നുള്ള പൊതുപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. കൂടാതെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കണ്ടെയ്ന്‍മെന്റ് സോണായ സ്ഥലത്തു നിരോധനാജ്ഞ ലംഘിച്ചതിന് കേസ് കൊടുക്കുമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.