മന്ത്രി എം എം മണിയ്ക്ക് കോവിഡ് ; മന്ത്രിസഭയില്‍ കോവിഡ് ബാധിക്കുന്ന നാലാമത്തെ അംഗം
വൈദ്യുത വകുപ്പു മന്ത്രി എം എം മണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ച മന്ത്രിയുടെ അഡീഷണല്‍ സെക്രട്ടയറിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പക്ഷേ ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന് പ്രത്യേകിച്ച് ആരോഗ്യ പ്രശങ്ങളൊന്നും ഇല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആശുപത്രിയില്‍ പോകാന്‍ താല്‍പര്യമില്ലായിരുന്നു.
എന്നാല്‍ മന്ത്രി ആയതുകൊണ്ട് പ്രോട്ടോക്കോള്‍ പ്രകാരം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സ്റ്റാഫ് അംഗങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്. ഇത് നാലാമത്തെ മന്ത്രിയ്ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ തോമസ് ഐസക്, വിഎസ് സുനില്‍ കുമാര്‍, ഇ. പി. ജയരാജന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ ആശുപത്രി വിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെയാണ് വിഎസ് സുനില്‍കുമാറും ചികിത്സ തേടിയിരുന്നത്.