അടുത്ത തെരഞ്ഞെടുപ്പിലും പാലായില്‍ ഞാന്‍ തന്നെ സ്ഥാനാര്‍ഥി എന്ന് മാണി.സി.കാപ്പന്‍
അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിലും പാലാ സീറ്റില്‍ താന്‍ തന്നെ മത്സരിക്കും എന്ന് മാണി.സി.കാപ്പന്‍.
പാലായില്‍ കെ.എം മാണി മരിച്ച ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആണ് മാണി സി കാപ്പന്‍ മനസ്സുതുറന്നത്. ന്യൂസ് 18 ആണ് വാര്‍ത്ത പുറത്തു വിട്ടത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് വരാനിരിക്കെ രാഷ്ട്രീയ നിലപാടുകള്‍ കാപ്പന്‍ വ്യക്തമാക്കി . 2021 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഇടത് സ്ഥാനാര്‍ത്ഥി താന്‍ തന്നെ ആകും എന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി.
കേവലം തന്റെ നിലപാട് മാത്രമല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ദേശീയ അധ്യക്ഷന്‍ ശരത് പവാറും ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നിന്നുള്ള മുതിര്‍ന്ന നേതാക്കളായ എ.കെ ശശീന്ദ്രനോടും പീതാംബരന്‍ മാസ്റ്ററോടും തന്നോടും ശരത്പവാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്‍സിപി വിജയിക്കുന്ന സീറ്റുകള്‍ വിട്ടു നല്‍കാന്‍ ആവില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാടെന്നും മാണി സി കാപ്പന്‍ പറഞ്ഞു. കെഎം മാണി വര്‍ഷങ്ങളായി മത്സരിച്ച് വിജയിച്ച സീറ്റ് എന്ന നിലയിലാണ് ജോസ് കെ മാണി പാലാ സീറ്റിനുവേണ്ടി എല്‍ഡിഎഫില്‍ അവകാശവാദം ഉന്നയിച്ചത്. പാലായില്‍ നിന്ന് വരുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാണ് ജോസ് കെ മാണിയുടെ പദ്ധതി. നിലവിലുള്ള രാജ്യസഭാ സ്ഥാനം രാജിവെച്ച് മത്സരിക്കാനാണ് ജോസ് കെ മാണിയുടെ താല്പര്യം. ഇക്കാര്യം ചര്‍ച്ചകളില്‍ ഇടതു നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജിവെക്കുന്ന രാജ്യസഭാ സ്ഥാനം മാണി സി കാപ്പന് നല്‍കാം എന്നതാണ് ജോസ് കെ മാണിയുടെ ഫോര്‍മുല. ഇതും മാണി സി കാപ്പന്‍ തള്ളിക്കളയുന്നു.
‘പാലാ ഇന്ന് മറ്റൊരു മാണിയുടേതാണ്, പാല എന്ന പെണ്ണിനെ മറ്റൊരു മാണി വിവാഹം ചെയ്തശേഷം വൈകാരിക ബന്ധം പറയുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് മാണി സി കാപ്പന്‍ വ്യക്തമാക്കുന്നത്. സിപിഎം ജോസ് കെ മാണിക്ക് സീറ്റ് നല്‍കിയാല്‍ എന്തു ചെയ്യും എന്ന കാര്യത്തോട് മാണി സി കാപ്പന്‍ ഇപ്പോള്‍ കൃത്യമായ ഉത്തരം നല്‍കാന്‍ തയ്യാറല്ല. ഇടതുമുന്നണി തങ്ങളോട് ഇക്കാര്യങ്ങളിലൊന്നും ചര്‍ച്ച നടത്തിയിട്ടില്ല എന്നാണ് മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടുന്നത്. ആ സാഹചര്യത്തില്‍ അത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും മാണി സി കാപ്പന്‍ പറയുന്നു.