സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്ത് ; സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ദേശീയ ഏജന്‍സിയെ തേടി സര്‍ക്കാര്‍

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയവും വികസന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാന്‍ ദേശീയ തലത്തിലുള്ള ഏജന്‍സിയെ തേടി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലെ പ്രചാരണം ശക്തമാക്കാനാണ് ഏജന്‍സിയെ നിയോഗിക്കുന്നത്. ഇതിനായുള്ള പ്രാഥമിക നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.

സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ പ്രചാരണത്തിനായി പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും സി-ഡിറ്റും കൂടാതെ ഓരോ പദ്ധതികള്‍ക്കും പി.ആര്‍ ഏജന്‍സികളെയും നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ദേശീയ തലത്തില്‍ പ്രവര്‍ത്തുക്കുന്ന പി.ആര്‍ ഏജന്‍സിയെ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്രചാരണം ഏല്‍പ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഏജന്‍സിയെ തെരഞ്ഞെടുക്കാനുള്ള റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ പിആര്‍ഡി അംഗീകരിച്ചു. ഇതിനായി ഇവാല്വേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.അതേസമയം പി.ആര്‍ ഏജന്‍സിക്ക് വേണ്ടി എത്ര തുകയാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവുചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തരനടപടികള്‍ക്ക് സെപ്തംബര്‍ 16 ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. അതിനു നേരെ വിപരീതമായി ട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.