കേരളാ പോലീസ് പെറ്റിയടിച്ച് കോടികള്‍ സമ്പാദിക്കുകയാണ് എന്ന് കുമ്മനം രാജശേഖരന്‍

കേരളാ പോലീസിന്റെ വാഹന പരിശോധന ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോള്‍ റോഡില്‍ ജനത്തെ പെറ്റിയടിച്ച് കോടികള്‍ സമ്പാദിക്കുകയാണ് പോലീസെന്ന് കുമ്മനം പറഞ്ഞു.

പട്ടിണിപ്പാവങ്ങള്‍ ജീവിതനിവൃത്തിക്ക് വേണ്ടി യാത്രചെയ്യുമ്പോള്‍ തടഞ്ഞ് നിര്‍ത്തി പോക്കറ്റിലുള്ളത് പിടിച്ചു വാങ്ങിയും മര്‍ദ്ദിച്ചവശനാക്കിയും വലിച്ചെറിയുന്നത് നീതീകരിക്കാനാവില്ല. യുപിയിലായിരുന്നു ഈ സംഭവമെങ്കില്‍ കേരളത്തില്‍ പ്രതിഷേധ ധര്‍ണ്ണയും കൂട്ട ഉപവാസവും വ്യാപകമായി നടക്കുമായിരുന്നുവെന്നും കുമ്മനം പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുമ്മനം പോലീസ് നടപടികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

പെറ്റിരാജ് !

കേരളത്തില്‍ കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോള്‍ റോഡില്‍ ജനത്തെ പെറ്റിയടിച്ച് കോടികള്‍ സമ്പാദിക്കുകയാണ് പോലീസ്. പട്ടിണിപ്പാവങ്ങള്‍ ജീവിതനിവൃത്തിക്ക് വേണ്ടി യാത്രചെയ്യുമ്പോള്‍ തടഞ്ഞ് നിര്‍ത്തി പോക്കറ്റിലുള്ളത് പിടിച്ചു വാങ്ങിയും മര്‍ദ്ദിച്ചവശനാക്കിയും വലിച്ചെറിയുന്നത് നീതീകരിക്കാനാവില്ല.

ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത ഈ വൃദ്ധനെ എന്ത് കാരണം പറഞ്ഞായാലും നടുറോഡില്‍ പട്ടാപ്പകല്‍ നിഷ്ഠൂരമായി മര്‍ദ്ദിച്ച് പോലീസ് ജീപ്പിലേക്ക് ഇടുന്നത് മനുഷ്യാവകാശ ലംഘനം മാത്രമല്ല ഭരണഘടനാദത്തമായ പൗരസ്വാതന്ത്ര്യത്തിന്റെ പരസ്യമായ ധ്വംസനം കൂടിയാണ്.

 

കേരളത്തില്‍ കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോള്‍ റോഡില്‍ ജനത്തെ പെറ്റിയടിച്ച് കോടികള്‍…

യുപിയിലായിരുന്നു ഈ സംഭവമെങ്കില്‍ കേരളത്തില്‍ പ്രതിഷേധ ധര്‍ണ്ണയും കൂട്ട ഉപവാസവും വ്യാപകമായി നടന്നേനെ, മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായി സ്ഥലം പിടിച്ചേനെ ! കേരളത്തില്‍ ഇതെല്ലാം പതിവ് കാഴ്ചയായതുകൊണ്ടാവാം സാംസ്‌കാരിക നായകന്മാര്‍ ‘മൈന്‍ഡ് ‘ചെയ്യാത്തത്.

വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരില്‍ നിന്നും ബലമായി പെറ്റി അടിച്ചു പിടിച്ചു വാങ്ങി ഖജനാവ് നിറയ്ക്കുന്ന പണത്തില്‍ അവരുടെ കണ്ണീരും ശാപവും ഉണ്ടെന്ന് പിണറായി സര്‍ക്കാര്‍ മനസ്സിലാക്കുക ..
ഈ പെറ്റി രാജ് ഇനിയും തുടരണമോ ?