ഒ.എല്‍.എക്‌സ് വഴിയുള്ള തട്ടിപ്പ് വീണ്ടും സജീവം , കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 16,000 രൂപ

ഒ.എല്‍.എക്‌സില്‍ പരസ്യം നല്‍കി തട്ടിപ്പ് നടത്തുന്ന സംഘം വീണ്ടും സജീവമാകുന്നു . വിറ്റുപോയ വാഹനത്തിന്റെ ചിത്രങ്ങളും രേഖകളും ഉപയോഗിച്ചാണ് തട്ടിപ്പ്. സമാനമായ കേസുകള്‍ വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്തിട്ടും തട്ടിപ്പിന് തടയിടാന്‍ പോലീസിനാകുന്നില്ല. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിക്ക് തട്ടിപ്പിലൂടെ 16,000 രൂപ നഷ്ടമായി.

ഒരു സ്‌കൂട്ടര്‍ വില്‍പ്പനയുടെ പേരില്‍ കോഴിക്കോട് മൂന്ന് സ്റ്റേഷനുകളില്‍ പരാതി വന്നിട്ടുണ്ട്. കെ.എല്‍ 57 എന്‍ 2856 നമ്പര്‍ ഹോണ്ട ആക്ടീവയാണ് തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്ന പുതിയ വാഹനം. കോഴിക്കോട് കൊടുവള്ളി സ്വദേശിയുടെ പേരിലുള്ള വാഹനമാണ്. ഇത് വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഒ.എല്‍.എക്‌സില്‍ പരസ്യം വന്നു. കോഴിക്കോട് പന്നിയങ്കര സ്വദേശി മുസ്തഫ ലഭിച്ച നമ്പറില്‍ വിളിക്കുകയും ചെയ്തു. എല്ലാം പതിവ് രീതി. പട്ടാളക്കാരനാണ്. എയര്‍പോര്‍ട്ടിനകത്താണ്. പാര്‍സല്‍ വഴി അയച്ചു തരും. ആദ്യ ഘഡു പണം നല്‍കണം.

ഇതേ നമ്പര്‍ ഈ വാഹനം ഉപയോഗിച്ച് തട്ടിപ്പ് നടന്നുവെന്ന് കാണിച്ച് വെള്ളയില്‍, കൂരാച്ചുണ്ട്, പന്നിയങ്കര മലപ്പുറം കരിപ്പൂര്‍ സ്റ്റേഷനിലും പരാതി വന്നിട്ടുണ്ട്. അതായത് ഒരു വാഹനം ഉപയോഗിച്ചുതന്നെ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ ഇതില്‍ നിരവധിപേര്‍ തട്ടിപ്പിനിരയായി എന്ന് എന്ന് വ്യക്തം. തിരുവനന്തപുരത്തും കോട്ടയത്തും പാലക്കാടും തൃശ്ശൂരിലും നൂറുകണക്കിന് കേസുകളാണ് സമാനമായ ആയ രീതിയില്‍ ഉണ്ടായത്.

തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സൈബര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ് അന്വേഷണത്തിന് ഭാഗമായി രാജസ്ഥാന്‍ വരെ പോലീസ് എത്തുകയും ചെയ്തിരുന്നു. എന്നിട്ടും തട്ടിപ്പുകാരനെ മാത്രം ഇതുവരെ പിടികൂടാന്‍ പോലീസിനായിട്ടില്ല.