ചാനല്‍ റേറ്റിംഗില്‍ കൃത്രിമം ; റിപ്പബ്ലിക് ഉള്‍പ്പെടെ മൂന്നു ചാനലുകള്‍ക്ക് ഇനിമുതല്‍ പരസ്യം നല്‍കില്ല എന്ന് ബജാജ്

ചാനലിന്റെ ടി.ആര്‍.പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ച ചാനലുകള്‍ക്ക് ഇനിമുതല്‍ പരസ്യം നല്‍കില്ല എന്ന് ബജാജ് ഓട്ടോസ്. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്നു ചാനലുകളെയാണ് ചാനല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടിആര്‍പി റേറ്റിംഗില്‍ റിപ്പബ്ലിക് ഉള്‍പ്പെടെ മൂന്നു ചാനലുകള്‍ കൃത്രിമത്വം കാണിച്ചുവെന്ന് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബജാജ് ഗ്രൂപ്പ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

ഏത് ചാനലും ഏത് ടിവി പരിപാടിയുമാണ് ആളുകള്‍ ഏറ്റവുമധികം കണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന പട്ടികയാണ് ടിആര്‍പി റേറ്റിംഗ് അഥവാ ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ്. ശക്തമായ വ്യവസായം പടുത്തുയര്‍ത്തുന്നതിനുള്ള ശക്തമായ അടിത്തറയാണ് ബ്രാന്‍ഡ് എന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് പറഞ്ഞു. ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചുവെന്നു വ്യക്തമാക്കി മുംബൈ പൊലീസ് കഴിഞ്ഞദിവസം ആയിരുന്നു മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ദിവസം മുഴുവന്‍ ചാനലുകള്‍ ഓണ്‍ചെയ്ത് ഇടാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടതായും കാര്യമായ വിദ്യാഭ്യാസമില്ലാത്തവര്‍ താമസിക്കുന്ന വീടുകളില്‍ പോലും ചില ഇംഗ്ലീഷ് ചാനലുകള്‍ ദിവസം മുഴുവനും ഓണ്‍ ചെയ്തിട്ടുവെന്നും മുംബൈ പൊലീസ് ആരോപിച്ചിരുന്നു.

വ്യവസായം പടുത്തുയര്‍ത്തുക മാത്രമാകരുത് ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം. സമൂഹത്തിന്റെ നന്മ കൂടി ലക്ഷ്യം വെയ്‌ക്കേണ്ടതുണ്ട്. സമൂഹത്തില്‍ വിഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കാന്‍ ബജാജിന് കഴിയില്ലെന്നും രാജീവ് ബജാജ് വ്യക്തമാക്കി. റിപ്പബ്ലിക് ടിവി, ഫാക്ട് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകള്‍ ടി ആര്‍ പി റേറ്റിംഗില്‍ കൃത്രിമം കാണിച്ചതായി മുംബൈ പൊലീസ് കണ്ടെത്തിയത്. ഫാക്ട് മറാത്തി, ബോക്‌സ് സിനിമ ചാനലുകളുടെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, മുംബൈ പൊലീസിന്റെ നടപടിയെ പ്രകീര്‍ത്തിച്ച് ബാര്‍ക് ഇന്ത്യയും രംഗത്തെത്തി. സ്ഥാപിത ജാഗ്രതയും അച്ചടക്കവും പിന്തുടരുമെന്ന് ബാര്‍ക് ഇന്ത്യ വ്യക്തമാക്കി. മുംബൈ പൊലീസിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും ഒപ്പം ആവശ്യമായ പിന്തുണ നല്‍കുമെന്നും ബാര്‍ക് ഇന്ത്യ വക്താവ് പറഞ്ഞു. ഇന്ത്യ എന്തു കാണുന്നുവെന്നത് കൃത്യമായും വിശ്വസ്തതയോടെയും റിപ്പോര്‍ട്ട് ചെയ്യാനുള്ള ഉദ്ദേശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ബാര്‍ക് ഇന്ത്യ വ്യക്തമാക്കി. ഇതിനിടെ, കഴിഞ്ഞദിവസം ടി ആര്‍ പി റേറ്റിംഗിന് എതിരെ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തിയിരുന്നു. ചാനലുകളുടെ ജനപ്രീതി കണക്കാക്കുന്നതിന് പ്രത്യേക സംവിധാനം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലുളള ടി.ആര്‍.പി റേറ്റിംഗ് സംവിധാനം നിര്‍ത്താലാക്കുകയോ പരിഷ്‌ക്കരിക്കുകയോ ചെയ്യണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.