സംസ്ഥാനത്തു പോലീസുകാര്‍ക്കിടയിലെ ആത്മഹത്യ വര്‍ദ്ധിക്കുന്നു ; 2016 മുതല്‍ ആത്മഹത്യ ചെയ്തത് 61 പൊലീസുകാര്‍
കേരളത്തില്‍ പോലീസുകാര്‍ക്കിടയിലെ ആത്മഹത്യ വര്‍ദ്ധിക്കുന്നു. 2016 മുതല്‍ 61 പൊലീസുകാര്‍ ആണ് ആത്മഹത്യ ചെയ്തത് എന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെ ഡ്രസിങ് റൂമില്‍ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ ആശുപത്രിയില്‍ മരിച്ചതിന് പിന്നാലെയാണ് ഈ കണക്ക് പുറത്തു വന്നത് . വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയായ രാധാകൃഷ്ണനാണ്(53) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശിയാണ് രാധാകൃഷ്ണന്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തു മണിയോടുകൂടിയായിരുന്നു ആത്മഹത്യ ശ്രമം ഉണ്ടായത്. ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 50 പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ഇക്കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
രാധാകൃഷ്ണന്റെ ആത്മഹത്യാശ്രമത്തിനുള്ള കാരണം വ്യക്തമായിരുന്നില്ല. ഇത് സംബന്ധിച്ച് വിളപ്പില്‍ശാല പോലീസ് അന്വേഷണം ആരംഭിച്ചു. രാധാകൃഷ്ണന്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായാണ് സഹപ്രവര്‍ത്തകരായ പൊലീസുകാര്‍ വ്യക്തമാക്കുന്നത്. അതേസമയം എസ്എച്ച്ഒയുടെ മാനസികപീഡനം മൂലമാണ് രാധാകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ ആരോപിച്ചിരുന്നു. തുണിയില്‍ കെട്ടി തൂങ്ങി മരിക്കാന്‍ ശ്രമിച്ച രാധാകൃഷ്ണനെ അബോധാവസ്ഥയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. ആദ്യം ഇയാളെ വിളപ്പില്‍ശാലയിലെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടന്ന് ഇന്നു രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം ജോലി സമര്‍ദവും മാനസിക സമ്മര്‍ദവുമാണ് പോലീസുകാരില്‍ ആത്മഹത്യ കൂടുവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. കണക്കില്‍ തിരുവനന്തപുരം റൂറല്‍ ജില്ലയാണ് മുന്നില്‍ DYSP ഉള്‍പ്പെടെ എട്ട് പൊലീസുകാരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ആലപ്പുഴയില്‍ അഞ്ചും തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ നാല് വീതവും പൊലീസുകാര്‍ ആത്മഹത്യ ചെയ്തു. എഎസ്‌ഐ റാങ്കിലുള്ള 16 പേരാണ് ജീവനൊടുക്കിയത്. സിവില്‍ ഓഫിസര്‍ തസ്തികയില്‍ നാല് വനിതാ സിവില്‍ പൊലീസര്‍മാര്‍ ഉള്‍പ്പെടെ 25 പേരും.