ക്രൈസ്തവ മിഷനറിമാരെ മാവോയിസ്റ്റുകളാക്കി ക്രൂശിച്ച് ജയിലിലടയ്ക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: പീഡിതരും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ആദിവാസി, ദളിത്, പിന്നോക്ക സമൂഹത്തിനുവേണ്ടി ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ ജീവിതം സമര്‍പ്പിച്ച് നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ മാവോയിസ്റ്റുകളായി ക്രൂശിച്ച് ജയിലടയ്ക്കുന്ന ക്രൂരത ചോദ്യം ചെയ്യപ്പെടണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
ക്രൈസ്തവ സ്നേഹത്തിന്റെയും ശുശ്രൂഷകളുടെയും ചരിത്രം പഠിക്കാത്തവരുടെ നീതി നിഷേധങ്ങളും അധികാര ദുര്‍വിനിയോവും ജനാധിപത്യ ഭാരതത്തിന് കളങ്കമാണ്. ആദിവാസി, ദളിത്, പിന്നോക്ക സമൂഹത്തിനുവേണ്ടി ജീവിച്ച് പ്രായാധിക്യ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരേ ഇന്ത്യയിലെ പൊതുസമൂഹം പ്രതികരിക്കണം.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും സമഗ്ര വികസനത്തിനുമായി പോരാടി ഭരണഘടനയുടെ അഞ്ചാം പട്ടിക നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമരത്തിലേര്‍പ്പെട്ടതിനും നക്സലുകളെന്നും ഭീകരവാദികളെന്നും മുദ്രകുത്തി ആദിവാസി, ഗോത്രവര്‍ഗ വിഭാഗങ്ങളിലെ യുവാക്കളെ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ചതിനെതിരേ കോടതിയെ സമീപിക്കുകയും ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ് ഫാ. സ്റ്റാന്‍ സ്വാമിക്കെതിരേയുള്ള നീക്കത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ലാന്‍ഡ് ബാങ്കുകള്‍ക്കെതിരേ ആദിവാസികളുടെ ഭൂമി സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭവും ഇവരോടുള്ള സര്‍ക്കാര്‍ നയങ്ങളോടും നിയമനിര്‍മാണങ്ങളോടുമുള്ള എതിര്‍പ്പും ആദിവാസികള്‍ക്കായുള്ള നിരന്തര പോരാട്ടവും ഫാ. സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റായി ചിത്രീകരിക്കുന്നതിന്റെ പിന്നിലുണ്ട്. 2018 ജനുവരി ഒന്നിലെ ഭീമ – കൊറോഗാവ് പ്രക്ഷോഭവുമായും എല്‍ഗാര്‍ പരിഷത്ത് സമ്മേളനവുമായും അദ്ദേഹത്തെ ബന്ധപ്പെടുത്തി കുറ്റവാളിയായി ആരോപിച്ച് പലതവണ ചോദ്യം ചെയ്യലുകള്‍ നടത്തിയിട്ടും ആസൂത്രിത അജണ്ടകളും ലക്ഷ്യംകാണാതെ ഇപ്പോള്‍ ജയിലടച്ചിരിക്കുന്നത് നീതീകരിക്കാനാവില്ല.
ഇന്ന് (തിങ്കള്‍) ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിക്ക് കോവിഡ് 19 നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ‘സ്റ്റാന്‍ഡ് വിത്ത് സ്റ്റാന്‍’ മുദ്രാവാക്യമുയര്‍ത്തി വിവിധ സാമുദായിക സാമൂഹ്യ പ്രസ്ഥാനങ്ങളും നേതാക്കളും പങ്കുചേരും. പിന്നോക്ക, ആദിവാസി, ദളിത് സമൂഹങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച് വാര്‍ധക്യത്തിലെത്തിയ വന്ദ്യവൈദികനെ ഇതിനോടകം നടന്ന ചോദ്യം ചെയ്യലുകള്‍ക്കെല്ലാം സഹകരിച്ചിട്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നത് നീതീകരണമില്ലാത്തതാണെന്നും ഫാ. സ്റ്റാന്‍ സ്വാമിയെ ജയില്‍വിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം സമര്‍പ്പിക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.