പ്രതിദിന കോവിഡ് കണക്കിലും കേരളം ഒന്നാം സ്ഥാനത്ത് ; മറികടന്നത് മഹാരാഷ്ട്രയെ

ഒന്നാമന്‍ ഒന്നാമന്‍ എന്ന് പറഞ്ഞു പറഞ്ഞു അവസാനം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ മുന്നിലുണ്ടായിരുന്ന മഹാരാഷ്ട്രയെയും കര്‍ണാടകയെയും പിന്നിലാക്കിയാണ് കേരളത്തില്‍ രോഗികളുടെ എണ്ണം ഉയരുന്നത്. ശനിയാഴ്ച 11,755 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 11,416 പേര്‍ക്കും കര്‍ണാടകയില്‍ 10,517 പേര്‍ക്കുമാണ് ഇന്നലെ രോഗം പിടിപെട്ടത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹി, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും കേരളത്തിന് പുറകിലാണ്. 2866 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 5242 പേര്‍ക്കും ആന്ധ്രയില്‍ 5653 പേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്നലെ പരിശോധിച്ചത് 66,228 സാംപിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.7 ശതമാനമായി ഉയര്‍ന്നു. പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ നിരക്ക് ഉയരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 2.77 ലക്ഷത്തിലേറെ കേസുകളില്‍ 1.82 ലക്ഷത്തിലേറെ പേരാണ് രോഗമുക്തരായത്. 95,918 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ആക്ടീവ് കേസുകളില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം. മഹാരാഷ്ട്രയില്‍ 2.21 ലക്ഷത്തിലേറെയാണ് ആക്റ്റിവ് കേസുകള്‍. ഇന്നലെ 26,440 പേര്‍ രോഗമുക്തരായത് മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകളില്‍ കുറവുണ്ടാക്കിയിട്ടുണ്ട്.

കര്‍ണാടകയില്‍ 1.20 ലക്ഷത്തിലേറെയാണ് ആക്ടീവ് കേസുകള്‍. ആകെ രോഗബാധിതര്‍ ഏഴു ലക്ഷം പിന്നിട്ടു. 1,12,770 ടെസ്റ്റുകളാണ് സംസ്ഥാനത്ത് ഇന്നലെ നടത്തിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് മരണങ്ങളില്‍ രാജ്യത്ത് ഏറെ മുന്നിലുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 40,040 മരണങ്ങളാണ്. ഇതില്‍ 308 മരണവും ഇന്നലെ സ്ഥിരീകരിച്ചത്. 2.27 ലക്ഷത്തിലേറെ കേസുകള്‍ ഇതുവരെ കണ്ടെത്തിയ മുംബൈ നഗരത്തില്‍ 9391 പേര്‍ രോഗം ബാധിച്ചു മരിച്ചിട്ടുണ്ട്.