അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം ; മരിച്ചത് ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞ്
അട്ടപ്പാടി ആദിവാസി ഊരില്‍ നവജാത ശിശു മരിച്ചു. കക്കുപ്പടി സ്വദേശികളായ പ്രീത – ഷനില്‍ ദമ്പതികളുടെ ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നതായി കോട്ടത്തറ ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഇതോടെ ഈ വര്‍ഷം അട്ടപ്പാടിയില്‍ എട്ടാമത്തെ നവജാത ശിശുവാണ് ഇന്ന് മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ബന്ധുക്കള്‍ക്ക് ആശുപത്രി അധികൃതര്‍ വിവരം നല്‍കിയിരുന്നില്ലെന്ന് പരാതിയുണ്ട്. എന്നാല്‍ ആരോപണം ശരിയല്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഊരുകളില്‍ ശിശുക്കള്‍ മരിക്കുന്നത് നിത്യ സംഭവമായി മാറിക്കഴിഞ്ഞു.