19 അടി നീളമുള്ള പെരുമ്പാമ്പ് പിടിയില്‍

പി.പി. ചെറിയാന്‍

ഫ്ളോറിഡ: ഇതുവരെ നിലവിലുള്ള സംസ്ഥാന റിക്കാര്‍ഡ് മറികടന്ന് പത്തൊമ്പതടിയോളം നീളമുള്ള കൂറ്റന്‍ ബര്‍മീസ് പൈത്തോണിനെ എവര്‍ ഗ്ലേഡില്‍ നിന്നും വാരാന്ത്യം പിടികൂടി. 18.8 അടി നീളമുള്ളതായിരുന്നു ഇതുവരെ പിടികൂടിയതില്‍ വച്ചേറ്റവും വലുത്. മയാമിയില്‍ നിന്നും 35 മൈല്‍ ദൂരെയുള്ള ടൈബാക്ക് കനാലില്‍ നിന്നാണ് 18.9 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയതെന്ന് ഫ്ളോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷണര്‍ സ്ഥിരീകരിച്ചു.

സുഹൃത്തുക്കളായ കെവിന്‍, റയന്‍, ഏഞ്ചല എന്നിവര്‍ ചേര്‍ന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ‘തങ്ങളുടെ ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും വലിയ പാമ്പിനെ പിടികൂടുന്നത്. പുതിയ റിക്കാര്‍ഡ് സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി നാനൂറിലധികം പാമ്പുകളെ തങ്ങള്‍ ഇവിടെനിന്നും പിടികൂടിയിട്ടുണ്ടെന്നും’ ഏഞ്ചല പറഞ്ഞു.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ബര്‍മീസ് പൈത്തോണിനെ ആദ്യമായി എവര്‍ ഗ്ലോഡില്‍ കണ്ടെത്തിയത്. 1,00,000 മുതല്‍ 3,00,000 പൈത്തോണ്‍ വരെ എവര്‍ ഗ്ലേഡിലുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. നാല് അടിയില്‍ കൂടുതല്‍ വലിപ്പമുള്ള പെരുമ്പാമ്പുകളെ പിടികൂടുന്നവര്‍ക്ക് 50 ഡോളര്‍ വീതം ലഭിക്കും. മുട്ടകളോടെ പെരുമ്പാമ്പിനെ പിടികൂടുന്നവര്‍ക്ക് 200 ഡോളര്‍ ആണ് പ്രതിഫലം ലഭിക്കുക.