ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തിയ സംഭവം: രണ്ട് പേര്‍ പിടിയില്‍
ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പഞ്ചായത്ത് സെക്രട്ടറി സിന്ധുജയും വാര്‍ഡ് മെമ്പര്‍ സുകുമാറുമാണ് അറസ്റ്റിലായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍രാജ് ഒളിവിലാണ്. പട്ടികജാതി, പട്ടിക വര്‍ഗ പീഡനത്തിനെതിരായ നിയമ പ്രകാരമാണ് കേസെടുത്തത്. തമിഴ്‌നാട്ടിലെ തെര്‍ക്കുതിട്ടെ പഞ്ചായത്തില്‍ ആണ് സംഭവം ഉണ്ടായത്.
പഞ്ചായത്തില്‍ യോഗം ചേരുമ്പോള്‍ ദലിത് ആയതുകൊണ്ട് തറയില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ ചിത്രം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മറ്റ് അംഗങ്ങള്‍ കസേരകളിലിരിക്കുമ്പോള്‍ ദലിത് പഞ്ചായത്ത് പ്രഡിസന്റ് നിലത്തിരുന്നാല്‍ മതിയെന്ന് തീരുമാനിച്ചത് മേല്‍ജാതിക്കാരായ വൈസ് പ്രസിഡന്റും മറ്റ് അംഗങ്ങളുമാണ്. രാജേശ്വരി എന്നാണ് ഇത്തരത്തില്‍ ജാതിവിവേചനത്തിനിരയായ പഞ്ചായത്ത് പ്രസിഡന്റിന്റെ പേര്.
താന്‍ നേരിട്ട കൊടിയ ജാതിവിചേനത്തെ കുറിച്ച് രാജേശ്വരി പറയുന്നതിങ്ങനെ- ‘ഈ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നതില്‍ പിന്നെ നാല് യോഗങ്ങളാണ് നടന്നത്. പഞ്ചായത്തിലെ മറ്റ് അംഗങ്ങളാണ്, യോഗം നടക്കുമ്പോള്‍ നിലത്തേ ഇരിക്കാന്‍ പാടുള്ളൂ എന്ന് എന്നോട് പറഞ്ഞത്. മേല്‍ജാതിക്കാരായ പഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റ് അംഗങ്ങളും കസേരകളിലിരിക്കും. മറ്റൊരു ദലിത് അംഗത്തെയും കസേരയില്‍ ഇരിക്കാന്‍ സമ്മതിക്കാറില്ല. പ്രസിഡന്റ് എന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വൈസ് പ്രസിഡന്റ് സമ്മതിക്കുന്നില്ല. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ പോലും അനുവദിച്ചില്ല’- രാജേശ്വരി പറയുന്നു.
വണ്ണിയാര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള പഞ്ചായത്താണിത്. ഏകദേശം 500 ഓളം വണ്ണിയാര്‍ കുടുംബങ്ങളാണ് തെര്‍ക്കുതിട്ടെയിലുള്ളത്. പട്ടികജാതി സമുദായത്തിലെ 100 കുടുംബങ്ങളും ഇവിടെയുണ്ട്. ജാതിവിചേനത്തിനെതിരെ ശബ്ദിക്കാന്‍ ഭയമായിരുന്നുവെന്ന് രാജേശ്വരിയുടെ ഭര്‍ത്താവ് ശരവണകുമാര്‍ പറഞ്ഞു. പക്ഷേ കുറച്ച് ദിവസങ്ങളായി നടക്കുന്ന കാര്യങ്ങള്‍ കാരണം പുറത്തുപറയാതെ വയ്യെന്നായി- ‘ഞങ്ങള്‍ താഴ്ന്നവരാണെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞത്. പഞ്ചായത്തിന്റെ കാര്യങ്ങളില്‍ ഇടപെടരുതെന്നും ആവശ്യപ്പെട്ടു. ഇനിയും വിവേചനം സഹിക്കാനാവില്ല. മതിയായി. ഇതോടെയാണ് പരാതി നല്‍കിയത്’.
പരാതി ലഭിച്ചതോടെ കേസെടുത്തെന്ന് കുഡല്ലൂര്‍ എസ് പി ശ്രീഅഭിനവ് ഇന്നലെ പറഞ്ഞിരുന്നു. പഞ്ചായത്ത് സെക്രട്ടറിയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കലക്ടറും അറിയിച്ചു. പിന്നാലെയാണ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.