ലൈഫ് മിഷനില്‍ സര്‍ക്കാരിന് ആശ്വസിക്കാം : സിബിഐ അന്വേഷണത്തിന് ഭാഗിക സ്റ്റേ
ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ കേരള സര്‍ക്കാരിന് ആശ്വാസം. കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി ഭാഗികമായി സ്റ്റേ ചെയ്തു. അതേസമയം യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനും സെന്റ് വെഞ്ചേഴ്സിനുമെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ലൈഫ് മിഷന്‍ സിഇഒ യു. വി ജോസിനെതിരായ അന്വേഷണം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. കേസില്‍ വിശദമായ വാദം കേള്‍ക്കും.
ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാരും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതി തയ്യാറായില്ല.
ലൈഫ് മിഷന്‍ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്തതാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അധോലോക ഇടപാടാണ് പദ്ധതിയില്‍ നടന്നതെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് പണമെത്തിയതെന്നും സിബിഐ കണ്ടെത്തിയിരുന്നു. ടെന്‍ഡര്‍ വഴിയാണ് യൂണിടാക്കിന് കരാര്‍ ലഭിച്ചതെന്നത് നുണയാണ്.
പണം യുഎഇ കേന്ദ്രമായ റെഡ് ക്രസന്റില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വരികയും അവിടെ നിന്ന് യൂണിടാക്കിന് കൈമാറുകയുമാണ് ചെയ്തതെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാരും യൂണിടാക്കും ഹൈക്കോടതിയെ സമീപിച്ചത്.