തുരങ്ക പാതയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാനായിരുന്നു ഉദ്ഘാടനം എന്ന് വി.ഡി സതീശന്‍

ആനക്കാംപൊയില്‍ നിന്നും മേപ്പാടിയിലേക്കുള്ള തുരങ്കപാതയുടെ ഉദ്ഘാടനം നടത്തിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി സതീശന്‍. ഈ പദ്ധതിക്ക് വേണ്ടി ഏതെങ്കിലും ഒരു സര്‍വ്വേയോ, സാധ്യതാ പഠനമോ നടത്തിയോ? ഏഴ് കിലോമീറ്റര്‍ തുരങ്ക പാതക്ക് 900 കോടിയാണ് ചെലവെന്ന് ആരു കണക്കാക്കിയെന്നും വി.ഡി സതീശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങളാണ് സതീശന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പേര് ഇടത് പക്ഷം എന്നാണെങ്കിലും പ്രവൃത്തി തീവ്രവലതുപക്ഷ സ്വഭാവത്തിലാണെന്നും സതീശന്‍ പരിഹസിക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഒരു പദ്ധതി ഉദ്ഘാടനം ചെയ്തു. ആനയ്ക്കാം പൊയില്‍ നിന്നും മേപ്പാടി വരെ വയനാട്ടിലേക്ക് 7 കി.മീറ്റര്‍ നീളമുള്ള ഒരു തുരങ്ക പാത. ചെലവ് 900 കോടി. ചില സംശയങ്ങള്‍.

1. ഈ പദ്ധതിക്ക് വേണ്ടി ഏതെങ്കിലും ഒരു സര്‍വ്വേയോ, സാധ്യതാ പഠനമോ നടത്തിയോ ? ഇല്ല.

2. ഇത് പോലത്തെ മെഗാ പ്രോജക്ടുകള്‍ നടപ്പാക്കുമ്പോള്‍ വേണ്ട പാരിസ്ഥിതിക ആഘാത പഠനം നടത്തിയോ ? ഇല്ല.

3. കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടിയോ ? ഇല്ല.

4. 7 കി.മീറ്റര്‍ തുരങ്ക പാതക്ക് 900 കോടിയാണ് ചെലവെന്ന് ആരു കണക്കാക്കി ? അറിയില്ല.

5. 2019 ലും 20 ലും വ്യാപകമായി ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പശ്ചിമഘട്ട മലനിരകള്‍ തുളച്ചാണ് തുരങ്ക പാത ഉണ്ടാക്കുന്നത് എന്നറിയാമോ? അറിയാം.

6. ലോകത്തിലെ തന്നെ ഏറ്റവും അപൂര്‍വ്വമായ ജൈവ വൈവിധ്യ കലവറയാണ് ഈ പദ്ധതിയിലൂടെ തകരാന്‍ പോകുന്നത് എന്നറിയാമോ? മൗനം.

7. യാതൊരു പഠനവും പൊതു ചര്‍ച്ചയും കൂടാതെ ഒന്നുമറിയാതെ നിര്‍മ്മാണ ഉദ്ഘാടനം നടത്തിയത് ആരെ കബളിപ്പിക്കാനായിരുന്നു ? മൗനം.

പേരു് ഇടത് പക്ഷം എന്നാണെങ്കിലും പ്രവൃത്തി തീവ്രവലതുപക്ഷ സ്വഭാവത്തില്‍….. എന്നും എം എല്‍ എ ആരോപിക്കുന്നു.