കൊറോണ കാരണം വരുമാനമില്ല നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട രജിനികാന്തിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തി മദ്രാസ് ഹൈക്കോടതി. ചെന്നൈ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന് സ്വത്തുനികുതിയായി 6.50 ലക്ഷം അടയ്ക്കണമെന്ന ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്റെ നീക്കത്തിനെതിരെയാണ് രജിനികാന്ത് കോടതിയെ സമീപിച്ചത്.
കൊറോണ കാരണം കഴിഞ്ഞ ആറുമാസമായി കല്യാണമണ്ഡപം അടഞ്ഞുകിടക്കുകയാണെന്നും വരുമാനമില്ലെന്നും വ്യക്തമാക്കിയാണ് രജിനികാന്ത് കോടതിയെ സമീപിച്ചത്. നികുതിക്കെതിരെ കോടതിയെ സമീപിച്ചതിന് കോടതിച്ചെലവ് ചുമത്തുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍, കേസ് പിന്‍വലിക്കാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സമയം ആവശ്യപ്പെടുകയായിരുന്നു.കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ 2020 മാര്‍ച്ച് 24 മുതല്‍ മണ്ഡപം അടഞ്ഞു കിടക്കുകയാണെന്നും വരുമാനമില്ലെന്നും കാണിച്ചാണ് രജിനികാന്ത് കോടതിയെ സമീപിച്ചത്. ഓരോ ആറുമാസം കൂടുമ്പോഴാണ് സ്വത്ത് നികുതി നോട്ടീസ് അയയ്ക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സ്വത്ത് നികുതി നോട്ടീസ് ആയിരുന്നു കഴിഞ്ഞദിവസം അയച്ചത്.
ഇത്തരത്തിലുള്ള കേസുമായി എത്തി കോടതിയുടെ വിലപ്പെട്ട സമയം കളയരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വത്ത് നികുതിക്ക് സ്വത്തില്‍ നിന്നുള്ള വരുമാനവുമായി യാതൊരുവിധ ബന്ധമില്ലെന്നും ഇത്തരം കാര്യങ്ങള്‍ കോര്‍പ്പറേഷനുമായിട്ടാണ് സംസാരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒന്നാമനാണ് രജനികാന്ത്. അമ്പതു കോടിക്ക് മുകളില്‍ ആണ് താരത്തിന്റെ ഇപ്പോള്‍ ഉള്ള പ്രതിഫലം. എ.ആര്‍ മുരുഗദോസിന്റെ ‘ദര്‍ബാര്‍’ എന്ന സിനിമയിലാണ് രജിനികാന്ത് അവസാനമായി പ്രത്യക്ഷപ്പെട്ടത്. ശിവ സംവിധാനം ചെയ്യുന്ന അന്നാത്ത് എന്ന ചിത്രത്തിലാണ് രജിനികാന്ത് അടുത്തതായി എത്തുന്നത്. ചിത്രത്തില്‍ നയന്‍താര, ഖുഷ്ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നുണ്ട്.