ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിന് പിന്നാലെ പാലായെ ചൊല്ലി തര്‍ക്കം ആരംഭിച്ചു
ജോസ് കെ. മാണിയുടെ മുന്നണി പ്രവേശത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അറിയിച്ച എന്‍സിപി പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കിയതോടെ വരും ദിവസങ്ങളില്‍ ഒരു പൊട്ടിത്തെറി രാഷ്ട്രീയ ലോകം പ്രതീക്ഷിക്കുന്നു. ഇതുസംബന്ധിച്ച് ഒരാശയക്കുഴപ്പവും ആര്‍ക്കും ഇല്ലെന്നും എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ ടി പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
എന്നാല്‍ ജോസ് കെ മാണിയും കൂട്ടരും ഇടതു മുന്നണിയിലേക്ക് ചേക്കേറുന്നതോടെ പാലാ സീറ്റ് സംബന്ധിച്ച് എന്‍സിപിയില്‍ വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാലാ സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോ എന്നത് എല്‍ഡിഎഫില്‍ നടക്കുന്ന ചര്‍ച്ചകള്‍ കൂടി ആശ്രയിച്ചിരിക്കും. പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടു കൊടുക്കുകയാണെങ്കില്‍ നിലവില്‍ എംഎല്‍എയായ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് ചേക്കേറും എന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞതായും സൂചനകളുണ്ട്.
ചോദിച്ചുകൊണ്ടല്ല ജോസ് കെ. മാണിയും കൂട്ടരും എല്‍ഡിഎഫിലേക്ക് വരുന്നത്. യാതൊരു അവകാശവാദവും ഈ സീറ്റില്‍ അവര്‍ ഉന്നയിച്ചിട്ടുമില്ല. ഇപ്പോള്‍ അത്തരത്തിലുള്ള ചര്‍ച്ചകള്‍ അനാവശ്യമാണ്. എപ്പോഴെങ്കിലും അവകാശം ഉന്നയിച്ചാല്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. എല്‍ഡിഎഫില്‍ ജോസ് കെ മാണിയുടെ പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണി നിലപാട് പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ കണ്ടത്. ഇനി ഇത് എല്‍ഡിഎഫില്‍ മുന്നണി പ്രവേശനമായി ചര്‍ച്ചയ്ക്ക് വരും. എന്നാല്‍ ഇതിനെ എതിര്‍ക്കേണ്ടതില്ല. എല്‍ഡിഎഫിനെ കുറേക്കൂടി ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. നിലവിലെ പാലാ എംഎല്‍എ ആയ മാണി സി കാപ്പന്‍ എന്‍സിപിയില്‍ തന്നെ തുടരും. പാലാ സീറ്റില്‍ യാതൊരു പ്രശ്‌നവും ഇല്ല. മാണി സി കാപ്പന്‍ യു ഡി എഫമായി ചര്‍ച്ച നടത്തിയെന്ന് പറയുന്നത് തെറ്റാണ്. ആര്‍ക്കും മുന്നണി മാറേണ്ട സാഹചര്യം ഇല്ല. ഇടതു മുന്നണിയെന്നത് ഞങ്ങള്‍ കൂടി പരിശ്രമിച്ചു ഉണ്ടാക്കിയ മുന്നണിയാണെന്നും ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.