സിപിഐ മുതിര്‍ന്ന നേതാവ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചു എന്ന പരാതിയുമായി പ്രവര്‍ത്തക

ഇടുക്കി മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ മുതിര്‍ന്ന നേതാവ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായി സിപിഐ മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തകയുടെ പരാതി. സിപിഐ സംസ്ഥാന കൗണ്‍സിലിനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണം ആരംഭിച്ചു.

ഹൈറേഞ്ചിലെ പാര്‍ട്ടി ഓഫീസില്‍വെച്ച് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പീഡിപ്പിക്കാന്‍ ശ്രമിച്ചതയാണ് സിപിഐ മഹിളാസംഘടനാ നേതാവിന്റെ പരാതി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് പൊലീസില്‍ പരാതി നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്‌സി പിഐ പ്രവര്‍ത്തക വീണ്ടും സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. എന്നാല്‍ പരാതിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി തല അന്വേഷണം പുരോഗമിക്കുകയാണെന്ന് സിപിഐയുടെ വിശദീകരണം.

സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറിയുടെ പേരും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒന്നിലധികം വനിതാ പ്രവര്‍ത്തകരും സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ സമാനമായ പരാതിയുമായി രംഗത്ത് എത്തി. അന്വേഷണത്തിന് ശേഷം നിഷ്പക്ഷമായ നടപടി സ്വീകരിക്കുമെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി.