സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളുടെ കല്യാണം നടത്തി ഗൂഗിള്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറുടെ കല്യാണം ഗൂഗിള്‍ നടത്തി. യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗിലാണ് വരന്‍. ഗൂഗിളിന് പറ്റിയ പിഴവാണ് സംഗതി ഇങ്ങനെയാക്കിയത്. അവിവാഹിതനായ ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യയുടെ പേര് ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കുന്നത് സാറ ടെന്‍ഡുല്‍ക്കര്‍ എന്ന ഉത്തരമാണ്. സാറ ടെന്‍ഡുല്‍ക്കറും ശുഭ്മാന്‍ ഗില്ലും പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ഇതിനിടെയാണ് സാറയെ ശുഭ്മാന്റെ ഭാര്യയാക്കിക്കൊണ്ടുള്ള ഗൂഗിളിന്റെ അബദ്ധം. അടുത്തിടെ സാറയുടെ 23ാം പിറന്നാളിന് സാറയ്ക്ക് ശുഭ്‌നമാന്‍ ആശംസകള്‍ അറിയിച്ചിരുന്നു. കൂടാതെ ശുഭ്മാന്റെ ചിത്രത്തിന് സാറ ഹൃദയത്തിന്റെ ചിഹ്നം മറുപടിയായി നല്‍കിയിരുന്നു. നേരത്തെ ഇരുവരെയും ഒന്നിച്ച് കണ്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായത്. 21 കാരനായ ഗില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കായി യുഎഇയിലാണ് ഇപ്പോള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് ഗില്‍.

നേരത്തെയും സമാനമായ തെറ്റ് ഗൂഗിളിന് സംഭവിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയെ അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ഭാര്യയാണെന്നു കാണിച്ച് ഗൂഗിളിന് പിഴവ് പറ്റിയത് വാര്‍ത്തയായിരുന്നു. സാങ്കേതിക പിഴവുകളെ തുടര്‍ന്നാണ് ഗൂഗിളിന് ഇത്തരത്തിലൊരു പിഴവ് സംഭവിച്ചിരിക്കുന്നതെന്നാണ് വിവരങ്ങള്‍.