ശിവശങ്കറിന്റെ അറസ്‌റ് കോടതി തടഞ്ഞു
സ്വര്‍ണ്ണക്കടത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. എം. ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കി ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. മൂന്നു പ്രതികള്‍ക്കെതിരെ ഇ.ഡി നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ തന്നെ പ്രതി ചേര്‍ത്തിട്ടില്ലെന്നും ചില സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നുമാണ് ശിവശങ്കര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞദിവസം ഇഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇഡി തന്നെ മനഃപൂര്‍വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര ഏജന്‍സികള്‍ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാന്‍ തയാറാണെന്നും ഹര്‍ജിയില്‍ പറയുന്നു.
സ്വര്‍ണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് എം ശിവശങ്കര്‍ ഹര്‍ജിയില്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ യുഎഇ കോണ്‍സുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോണ്‍സുലേറ്റിലെ സെക്രട്ടറിയായ സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് സൗഹൃദത്തിലെത്തിയെന്നും ശിവശങ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമുണ്ടെന്ന് വ്യാഖാനിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.