ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഓസ്‌കര്‍ പുരസ്‌കാര ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

ഇന്ത്യന്‍ സിനിമയിലേക്ക് ആദ്യ ഓസ്‌കര്‍ പുരസ്‌കാരം കൊണ്ടുവന്ന കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അത്തയ്യ അന്തരിച്ചു. 91 വയസായിരുന്നു. ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനാണ് ഭാനുവിന് പുരസ്‌കാരം ലഭിച്ചത്. ഇതു കൂടാതെ രണ്ടു തവണ നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡും ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഭാനു അതയ്യ നേടിയിട്ടുണ്ട്. സത്യേന്ദ്ര അതയ്യയെ വിവാഹം കഴിച്ചതോടെയാണ് ഭാനു അതയ്യ എന്ന് പേര് മാറ്റിയത്. ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു.

1956 മുതലാണ് ഇവര്‍ സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്തു തുടങ്ങിയത്. സിഐഡി ആയിരുന്നു ആദ്യ സിനിമ. ആറു പതിറ്റാണ്ടോളം സിനിമമേഖലയില്‍ പ്രവര്‍ത്തിച്ച ഇവര്‍ നൂറിലധികം സിനിമകള്‍ക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. 2012 ഇല്‍ തനിക്ക് ലഭിച്ച ഓസ്‌കാര്‍ പുരസ്‌കാരം അത് നല്‍കിയ അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട് ആന്‍ഡ് സയന്‍സസിനു മടക്കി നല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ചു. തന്റെ കാലശേഷം ഈ ട്രോഫി സൂക്ഷിക്കാന്‍ കുടുംബത്തിനോ സര്‍ക്കാരിനോ സാധിച്ചേക്കില്ല എന്ന ചിന്തയാണ് ഈ വിലപ്പെട്ട പുരസ്‌കാരം തിരികെ നല്‍കാന്‍ ഇവരെ പ്രേരിപ്പിച്ചത്. 1982 ഇല്‍ ഭാനുവിന് ഓസ്‌കാര്‍ ലഭിച്ചത്.